Friday, April 11, 2025
Kerala

അരിക്കൊമ്പന്‍ പോയെങ്കിലും നാട്ടില്‍ വിളയാട്ടം തുടര്‍ന്ന് ചക്കകൊമ്പനും മാങ്ങാകൊമ്പനും

അരിക്കൊമ്പനെ കാട്ടിലേക്ക് തുറന്നുവിട്ടതോടെ ജനവാസ മേഖലയിലെ ഭീതി ഒഴിഞ്ഞിരുന്നു. പക്ഷേ ജനങ്ങള്‍ക്ക് പേടി കൂടാതെ പുറത്തിറങ്ങാന്‍ ഇനിയും കഴിഞ്ഞിട്ടില്ല. അരിക്കൊമ്പന്‍ പോയതിന് പിന്നാലെ നാട്ടില്‍ ചക്കക്കൊമ്പന്റെയും മാങ്ങാക്കൊമ്പന്റെയും വിളയാട്ടമാണ് ഇപ്പോള്‍.

ആനയിറങ്കലിനു സമീപമാണ് ചക്കക്കൊമ്പന്റെ ആക്രമണമുണ്ടായത്. ഇന്നലെ രാത്രി 11 മണിയോടെ ദേശീയപാതയില്‍ ഇറങ്ങിയ കൊമ്പന്‍ വഴിയോര കടകള്‍ ആക്രമിച്ചു. ഒരു മണിക്കൂറോളം ദേശീയപാതയില്‍ പരിഭ്രാന്തി ഉണ്ടാക്കി. വനം വകുപ്പ് ഉദ്യോഗസ്ഥരെത്തിയാണ് ആനയെ തുരത്തിയത്.ചിന്നക്കനാല്‍ 301 കോളനിയില്‍ ചക്കക്കൊമ്പന്റെ മുമ്പില്‍ പെട്ട് ഭയന്നോടി കോളനി നിവാസി കുമാറിന് പരുക്കേറ്റിരുന്നു. തലയ്ക്കും കൈ കാലുകള്‍ക്കും പരിക്കേറ്റ കുമാറിനെ മൂന്നാറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

കഴിഞ്ഞ മാസം ചക്കക്കൊമ്പനെ കാറിടിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റിരുന്നു. ചക്കക്കൊമ്പന് നിസാര പരിക്ക് മാത്രമേയുള്ളൂവെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. നിലവില്‍ പരിക്ക് സാരമുള്ളതല്ലെന്നും ആന സാധാരണപോലെ നടക്കുകയും ഭക്ഷണവും വെള്ളവും കഴിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. വനംവകുപ്പ് വെറ്ററിനറി ഡോക്ടറും ദേവികുളം റേഞ്ച് ഓഫീസറും നേരിട്ട് കണ്ടാണ് വിലയിരുത്തിയത്. ഒരാഴ്ചത്തേക്ക് ചക്കക്കൊമ്പനെ നിരീക്ഷിക്കാന്‍ പ്രത്യേക സംഘത്തെയും നിയോഗിച്ചിരുന്നു.

അട്ടപ്പാടിയിലാണ് ചക്കക്കൊമ്പന് പിന്നാലെ മാങ്ങാക്കൊമ്പനും ഇറങ്ങിയത്.അട്ടപ്പാടി ചിറ്റൂര്‍ മിനര്‍വയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും മാങ്ങാ കൊമ്പനെത്തി. ഇന്നലെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെത്തിയ കൊമ്പന്‍ മാങ്ങാ പറിച്ച് കഴിച്ചാണ് മടങ്ങിയത്. ഇന്നലെ രാവിലെയും പ്രദേശത്ത് മാങ്ങാക്കൊമ്പന്‍ എത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *