‘ബെല്ലന്ദൂര്‍ തടാകത്തിലെ ജലം പതയായി നുരഞ്ഞു പൊങ്ങുന്നു’; പഠനവുമായി ഗവേഷകര്‍
ബംഗളൂരുവിലുള്ള ബെല്ലന്ദൂര്‍ തടാകത്തിലെ ജലം മുഴുവന്‍ വെള്ള നിറത്തിലെ പതയായി നുരഞ്ഞു പൊങ്ങി നിരത്തുകളിലേക്ക് വ്യാപിച്ച ചിത്രങ്ങള്‍ സമൂഹ മാധ്യങ്ങളില്‍ ചര്‍ച്ചയാവുകയാണ്. ബംഗളൂരുവില്‍ പെയ്ത വന്‍ തോതിലുള്ള മഴയുടെ പിന്നാലെയാണ് തടാകത്തില്‍ ഈ പ്രതിഭാസം രൂപം കൊണ്ടത്.
ഒരു കാലത്ത് സമൃദ്ധമായ ആവാസ വ്യവസ്ഥയുടെ ഈറ്റില്ലമായിരുന്നു ബെല്ലന്ദൂര്‍ തടാകവും പരിസര പ്രദേശങ്ങളും, എന്നാല്‍ വന്‍തോതിലുള്ള വ്യവസായ വല്‍ക്കരണം മൂലം അവിടെ നിന്നും പുറന്തള്ളപ്പെടുന്ന മലിന ജലം ശരിയായ രീതിയില്‍ സംസ്‌കരിക്കാത്തതിനാല്‍ അടുത്തുള്ള ജലസ്രോതസ്സുകളിലേക്കാണ് ഒഴുകിയെത്തുന്നത്.. ഇതുമൂലം ബെല്ലന്ദൂര്‍ തടാകം കാലങ്ങളായി അപകടകരമായ രീതിയില്‍ മലിനപ്പെടുകയും, ജലം രാസവസ്തുക്കളാല്‍ നിറയുകയും ചെയ്യ്തിരുന്നു. തന്മൂലം ആവര്‍ത്തിച്ചുണ്ടാകുന്ന ഈ പ്രതിഭാസത്തിന്റെ കാരണങ്ങളെയും പ്രത്യാഘതങ്ങളെയും കുറിച്ച് ആഴത്തിലുള്ള പഠനം നടത്തുകയാണ് ശാസ്ത്രജ്ഞര്‍.
മലിനീകരണ വസ്തുക്കളെ നേര്‍പ്പിക്കാന്‍ അതിശക്തിയായി പെയ്യുന്ന മഴയ്ക്ക് കഴിയാറുണ്ട്. ഈ കനത്ത മഴയ്ക്ക് ശേഷമാണ് ജലം പതഞ്ഞ് നിരത്തുകളിലേക്ക് പോലും എത്തും വിധം കഠിനമാവുന്നത്.സെന്റര്‍ ഫോര്‍ സസ്‌റ്റൈനബിള്‍ ടെക്‌നോളജീസിലേയും, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലേയും സംഘങ്ങള്‍ തടാകം നിരീക്ഷിക്കുകയും വിവിധ പരീക്ഷങ്ങള്‍ക്കായ് ജല സാമ്പിളുകള്‍ ശേഖരിക്കുകയും ജലത്തില്‍ അടങ്ങിയിട്ടുള്ള ഡിറ്റര്‍ജെന്റിനോട് സമാനമായ സര്‍ഫാക്റ്റന്റുകളുടെ രാസഘടനയില്‍ വരുന്ന മാറ്റം മനസിലാക്കുന്നതിന് ലാബില്‍ പഠനം നടത്തുകയും ചെയ്തിരുന്നു.
ശുദ്ധീകരിക്കാത്ത മലിനജലം തടാകത്തില്‍ മുഴുവനായി വ്യാപിക്കാന്‍ 1015 ദിവസങ്ങള്‍ എടുക്കുമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഈ സമയത്തിനുള്ളില്‍ ജലത്തിലെ ഓക്‌സിജന്റെ അഭാവം മൂലം ജൈവ വസ്തുക്കള്‍ നശിക്കുകയും അവശിഷിക്കുന്ന ഭാഗം തടാകത്തില്‍ ചെളിയായി അടിഞ്ഞു കൂടുകയുമാണ് ചെയുന്നത്.
ജല സ്രോതസ്സിലേക്ക് വന്‍ തോതില്‍ വ്യവസായ യൂണിറ്റുകള്‍ മലിനജലം തള്ളുന്നതിനാല്‍, ഇതിലെ സര്‍ഫാക്റ്റന്റുകള്‍ക്ക് വിഘടിച്ചുപോകുവാനുള്ള സമയം കിട്ടുന്നില്ല. അതിനാല്‍ തന്നെ സ്ഥിരമായി കൂടുതല്‍ കൂടുതല്‍ ചെളി അടിയുന്നതിന് കാരണമാവുന്നു. തന്മൂലം ക്രമേണ ഈ മലിന ജലത്തിന്റെ സാന്ദ്രത വര്‍ദ്ധിക്കുന്നു. സിഎസ്ടിയിലെ ചീഫ് റിസര്‍ച്ച് സയന്റിസ്റ്റും പഠനത്തിന്റെ രചയിതാക്കളില്‍ ഒരാളുമായ ചാണക്യ എച്ച്എന്‍ പറയുന്നത് ഇങ്ങനെയാണ് ‘ഒരു ബക്കറ്റ് വെള്ളം നിറയെ വാഷിംഗ് പൗഡര്‍ ചേര്‍ക്കുന്നതായി സങ്കല്‍പ്പിക്കുക; അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായാല്‍ തീര്‍ച്ചയായും അത് നുരഞ്ഞ് പൊങ്ങും.
ബംഗളുരുവില്‍ സംഭവിച്ചതും ഈ സാഹചര്യത്തോട് സമാനമാണെന്ന് ഇവര്‍ പറയുന്നു. നഗരത്തില്‍ കനത്ത മഴ പെയ്തപ്പോള്‍ വ്യവസായ മേഖലകളില്‍ നിന്നും ഒഴുകി വന്ന വെള്ളത്തിലുണ്ടായ സര്‍ഫക്റ്റന്റ് തടാകത്തില്‍ അടിഞ്ഞു കിടന്നിരുന്ന മുഴുവന്‍ ചെളിയേയും ഇളക്കി. ഇത് വെള്ളം നുരഞ്ഞുപൊങ്ങുന്നതിന് കാരണമാവുകയും ചെയ്തു. ഒപ്പം മഴ കാരണം തടാകത്തിലെ ജലനിരപ്പ് ഉയരുമ്പോള്‍, സര്‍ഫക്റ്റന്റുകളുടെ വലിയ സാന്ദ്രത അടങ്ങിയ അധിക ജലം തടാകത്തിന്റെ അതിരുകള്‍ ഭേദിച്ച് 25 അടിയോളം പാതയായി നുരഞ്ഞ് നിരത്തുകളിലേക്കെത്തുന്ന സാഹചര്യമാണ് ബെല്ലന്ദൂര്‍ തടാകത്തില്‍ ഉണ്ടായത്.
ചില ബാക്ടീരിയകള്‍ നുരകളുടെ രൂപീകരണത്തിനും സ്ഥിരതയ്ക്കും കാരണമായേക്കാമെന്നും സംഘം സംശയിക്കുന്നു. എന്നാല്‍ ഇത് തെളിയിക്കുവാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്.
മിക്ക ഗാര്‍ഹിക വാഷിംഗ് പൗഡറുകളിലും ഷാംപൂകളിലും സാധാരണയായി ഉപയോഗിക്കുന്ന ഒരു തരം സര്‍ഫാക്റ്റന്റ് ഈ പ്രതിഭാസത്തിന് കാര്യമാകുന്നു എന്നും പഠനം ചൂണ്ടിക്കാട്ടുന്നു.