ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണം; പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
ചിന്നക്കനാലിൽ ചക്കക്കൊമ്പന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്കേറ്റു. 301 കോളനിയിലെ കുമാറിനെയാണ് കാട്ടാന ആക്രമിച്ച് പരുക്കേൽപ്പിച്ചത്. കുമാറിനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഏകദേശം ഒരാഴ്ച്ച മുമ്പാണ് ഇടുക്കി പൂപ്പാറയിൽ ചക്കക്കൊമ്പനെ കാറിടിച്ചത്. ചൂണ്ടലിൽ വെച്ച് റോഡിലിറങ്ങിയ ചക്കക്കൊമ്പന്റെ പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു. ആനയുടെ പരിക്ക് സാരമുള്ളതല്ലെന്ന് വനം വകുപ്പ് അന്നുതന്നെ വ്യക്തമാക്കിയിരുന്നു. ചക്കക്കൊമ്പൻ സാധാരണപോലെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
വനംവകുപ്പ് വെറ്ററിനറി ഡോക്ടറും ദേവികുളം റേഞ്ച് ഓഫീസറും നേരിട്ട് ആനയെ കണ്ട് ആഗോര്യസ്ഥിതി വിലയിരുത്തിയിരുന്നു. അപകടത്തിൽ കാറിന് കേടുപാട് സംഭവിച്ചിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർക്കും പരുക്കേറ്റു. കൊച്ചി ധനുഷ്കോടി ദേശീയപാതയിലാണ് സംഭവമുണ്ടായത്.
ചൂണ്ടൽ സ്വദേശി തങ്കരാജിൻ്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് കാട്ടാനയെ ഇടിച്ചത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പൂപ്പാറയിൽ നിന്ന് ചൂണ്ടലിലേക്കു പോകുകയായിരുന്നു ഇവർ. കാർ ഇടിച്ചതോടെ അക്രമാസക്തനായ ചക്കക്കൊമ്പൻ വാഹനം തകർക്കാനും ശ്രമിച്ചിരുന്നു.