‘അനില്‍ ബഹുമുഖ പ്രതിഭ, കോണ്‍ഗ്രസില്‍ നിന്ന് അപമാനിക്കപ്പെട്ടു’; പീയൂഷ് ഗോയല്‍
ബിജെപി അംഗത്വം സ്വീകരിച്ച അനില്‍ കെ. ആന്റണിയെ പുകഴ്ത്തി കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍. അനില്‍ ആന്റണി ബഹുമുഖ പ്രതിഭയെന്നാണ് പീയൂഷ് ഗോയലിന്റെ വാക്കുകള്‍. രാജ്യതാത്പര്യത്തിനൊപ്പം നിന്നതിന് കോണ്‍ഗ്രസില്‍ നിന്ന് അപഹാരം നേരിട്ട വ്യക്തിയാണ് അനില്‍ എന്നും കേന്ദ്രമന്ത്രി അനില്‍ ആന്റണിക്ക് അംഗത്വം നല്‍കിയ ചടങ്ങില്‍ സംസാരിച്ചു.
‘വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അനില്‍ ആന്റണി. രാജ്യതാത്പര്യത്തിന് വേണ്ടി നിലപാട് എടുത്തപ്പോള്‍ കോണ്‍ഗ്രസില്‍ നിന്ന് അപമാനം നേരിട്ടു. ബിബിസി ഡോക്യുമെന്ററി വിഷയത്തിലും ദേശീയ താത്പര്യത്തിനൊപ്പം നിന്നയാളാണ് അനില്‍. എന്നാല്‍ ഇതിന്റെ പേരില്‍ സമൂഹമാധ്യമങ്ങളില്‍ അദ്ദേഹം ആക്രമിക്കപ്പെട്ടു. ബിജെപിയുടെ സംസ്ഥാന, ദേശീയ രാഷ്ട്രീയത്തില്‍ വലിയ പങ്കുവഹിക്കാന്‍ അനില്‍ കെ ആന്റണിക്ക് സാധിക്കുമെന്നും പീയൂഷ് ഗോയല്‍ പ്രതികരിച്ചു.
ബിജെപിയുടെ സ്ഥാപക ദിനത്തില്‍ തന്നെ പാര്‍ട്ടിയില്‍ ചേര്‍ന്ന അനില്‍ ആന്റണി, നരേന്ദ്ര മോദിയുടെ കാഴ്ചപ്പാടുകള്‍ക്കും വീക്ഷണങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കാന്‍ ബിജെപി നതൃത്വം അവസരം നല്‍കിയെന്ന് പ്രതികരിച്ചു. ബിജെപിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുവദിച്ച നേതൃത്വത്തോട് നന്ദി അറിയിക്കുന്നുവെന്നും അനില്‍ പറഞ്ഞു. കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍, എഐസിസി സോഷ്യല്‍ മീഡിയ ആന്‍ഡ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍സ് സെല്ലിന്റെ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ എന്നീ സ്ഥാനങ്ങളില്‍ നിന്ന് അനില്‍ ഈ വര്‍ഷം ജനുവരി 25 ന് രാജിവച്ചിരുന്നു.