Monday, April 14, 2025
Kerala

‘കേരളത്തില്‍ സിപിഐഎമ്മും ബിജെപിയും തമ്മില്‍ സഖ്യം’; രണ്ടുകൂട്ടര്‍ക്കും വേണ്ടത് കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് കെ സുധാകരന്‍

കേരളത്തില്‍ സിപിഐഎമ്മും ബിജെപിയും തമ്മില്‍ സഖ്യമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സിപിഐഎം നേതൃത്വത്തില്‍ സര്‍ക്കാര്‍ നിലനില്‍ക്കേണ്ടത് ബിജെപി ദേശീയ നേതാക്കളുടെ ആവശ്യമാണെന്ന് കെ സുധാകരന്‍ ആക്ഷേപിച്ചു. തങ്ങള്‍ക്ക് സിപിഐഎമ്മിന്റെ ഒരു സഹായവും വേണ്ടെന്ന് കെ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസ് വിമുക്ത ഭാരതം വേണമെന്ന ബിജെപിയുടെ ലക്ഷ്യം തന്നെയാണ് സിപിഐഎമ്മും പങ്കുവയ്ക്കുന്നതെന്ന് കെ സുധാകരന്‍ പറയുന്നു. ഇന്ത്യയിലെ സിപിഐഎം എന്ന് പറയുന്നില്ല. കേരളത്തിലെ സിപിഐഎം ഇങ്ങനെയാണ്. അവര്‍ക്ക് സംരക്ഷിക്കാന്‍ ധാരാളം താല്‍പര്യങ്ങളുണ്ട്. അത് എങ്ങനെയും സംരക്ഷിക്കുന്നതിന് ബിജെപി നിലനില്‍ക്കണമെന്നും കെ സുധാകരന്‍ പറഞ്ഞു.

റായ്പൂരില്‍ പ്ലീനറി സമ്മേളനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് കെ സുധാകരന്‍ പ്രതികരിച്ചത്. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ ഇന്ന് റായ്പൂരില്‍ നടക്കുന്ന കോണ്‍ഗ്രസ് പ്ലീനറിയോഗത്തില്‍ പങ്കെടുക്കുന്നില്ല. പാര്‍ട്ടിയുടെ വര്‍ക്കിങ് കമ്മിറ്റി തെരഞ്ഞെടുപ്പാണ് യോഗത്തിന്റെ മുഖ്യ അജണ്ട. വര്‍ക്കിങ് കമ്മിറ്റി തെരഞ്ഞെടുപ്പ് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് സ്വതന്ത്രമായി നല്‍കുന്നതിനു വേണ്ടിയാണ് ഗാന്ധി കുടുംബം വിട്ടുനില്‍ക്കുന്നത്. ഒരു തരത്തിലും ആ തെരഞ്ഞെടുപ്പുകളില്‍ സ്വാധീനമുണ്ടാകാതിരിക്കാനാണ് യോഗം ഒഴിവാക്കിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published. Required fields are marked *