തിരുവനന്തപുരത്ത് നടുറോഡിൽ യുവതിയ്ക്ക് നേരെ അതിക്രമം; പ്രതി പിടിയിൽ
കവടിയാറിൽ നടുറോഡിൽ യുവതിക്ക് നേരെ അതിക്രമം. മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊലീസ് പിടികൂടി. യുവതിയെ കടന്നു പിടിച്ചതിന് പ്രാവച്ചമ്പലം സ്വദേശി വൈശാഖാണ് പിടിയിലായത്.
ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തെ കവടിയാറിൽ നടുറോഡിൽ വച്ച് യുവതിയെ കടന്നുപിടിക്കാനുള്ള ശ്രമം നടന്നത്. സംഗീത കോളേജിലെ വിദ്യാർത്ഥിനിയാണ് യുവതി. ഉടൻതന്നെ യുവതി മ്യൂസിയം പൊലീസിൽ പരാതി നൽകി. മ്യൂസിയം പൊലീസ് അപ്പോൾ തന്നെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് ആളെ തിരിച്ചറിയുകയും പ്രാവച്ചമ്പലം സ്വദേശി വൈശാഖിനെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് മാതൃഭൂമിയുടെ സാഹിത്യോത്സവത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന തൃശൂർ സ്വദേശിനിക്ക് നേരെ ഇങ്ങനെയൊരു ആക്രമണം നടന്നിരുന്നു. ഈ സംഭവത്തിലെ പ്രതിയെ പിടികൂടാൻ ഇതുവരെ പൊലീസിനു കഴിഞ്ഞിട്ടില്ല.