കരിപ്പൂരില്‍ സ്വര്‍ണവേട്ട; കസ്റ്റംസിനെ വെട്ടിച്ച് കടന്ന മലപ്പുറം സ്വദേശിയെ പൊലീസ് കുടുക്കി
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. 59 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം വണ്ടൂര്‍ സ്വദേശി റഷീദാണ് പൊലീസിന്റെ പിടിയിലായത്. ഒരു കിലോയിലധികം തൂക്കം വരുന്ന സ്വര്‍ണം ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് ഇയാള്‍ ശ്രമിച്ചത്.
ദോഹയില്‍ നിന്ന് പുലര്‍ച്ചെയാണ് റഷീദ് കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയത്. കസ്റ്റംസ് പരിശോധനയെ വിദഗ്ധമായി മറികടന്ന ശേഷം വിമാനത്താവളത്തിന് പുറത്തിറങ്ങിയ റഷീദിനെ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ സ്വര്‍ണ്ണം കടത്തിയ വിവരം റഷീദ് സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ഇയാളെ വിശദമായ വൈദ്യ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു.
എക്‌സറേ പരിശോധനയിലാണ് വയറിനകത്ത് നാലു കാപ്‌സ്യൂളുകള്‍ ദൃശ്യമായത്. 1.061 കി.ഗ്രാം സ്വര്‍ണ്ണം മിശ്രിത രൂപത്തിലാക്കിയാണ് ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചത്. അഭ്യന്തര വിപണിയില്‍ 59 ലക്ഷം രൂപ വില വരുന്ന സ്വര്‍ണ്ണമാണ് കണ്ടെടുത്തത്.
പിടിച്ചെടുത്ത സ്വര്‍ണ്ണം പൊലീസ് കോടതിയില്‍ സമര്‍പ്പിക്കും. തുടരന്വേഷണത്തിനായി വിശദമായ റിപ്പോര്‍ട്ട് കസ്റ്റംസിനും കൈമാറും. വിമാനത്താവളത്തിന് പുറത്ത് വെച്ച് പൊലീസ് ഈ വര്‍ഷം പിടികൂടുന്ന മൂന്നാമത്തെ സ്വര്‍ണക്കടത്ത് കേസാണിത്.