Tuesday, January 7, 2025
Kerala

സൂപ്പർമാർക്കറ്റ് ഉടമയെ മർദിച്ച സംഭവം: കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും

കൊല്ലം നിലമേലിൽ സൂപ്പർമാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ മർദ്ദിച്ച സംഭവത്തിൽ കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. 13 സിഐടിയു പ്രവര്‍ത്തകര്‍ക്കെതിരെ ചടയമംഗലം പൊലീസ് കേസെടുത്തിരുന്നു. ഇന്നലെ അഞ്ചു പേരെ അറസ്റ്റ് ചെയ്തതെങ്കിലും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് മൂന്ന് മണിയോടെയായിരുന്നു സംഭവം. കടയുടെ പിന്‍ഭാഗത്ത് ഒഴിഞ്ഞ പ്രദേശത്ത് വച്ച് രണ്ട് സിഐടിയു പ്രവര്‍ത്തകര്‍ മദ്യപിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപനമെന്നാണ് കടയുടമയുടെ ആരോപണം. മാനേജറും മറ്റ് ജീവനക്കാരും ചേര്‍ന്ന് ഇവരെ ബലം പ്രയോഗിച്ച് മാറ്റുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഇവര്‍ മറ്റ് സിഐടിയു പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും സംഘടിച്ചെത്തി ആക്രമിക്കുകയുമായിരുന്നു എന്നാണ് പരാതി.

പ്രേംദാസ്, രഘു, ജയേഷ്, സിനു, മോഹനൻ പിള്ള എന്നിവരെയാണ് ചടയമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾക്കെതിരെ അന്യായമായി സംഘം ചേരൽ, അതിക്രമിച്ചു കടന്നു മർദിക്കൽ എന്നീ വകുപ്പുകൾ ചുമത്തി. ഇവരെ പിന്നീട് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സൂപ്പര്‍മാര്‍ക്കറ്റിലെത്തിയ സിഐടിയു പ്രവര്‍ത്തകര്‍ കടയുടമയെ മര്‍ദ്ദിക്കുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *