ബത്തേരിയിലിറങ്ങിയ കാട്ടാനയെ ലൊക്കേറ്റ് ചെയ്തു; മയക്കുവെടി വെച്ച് പിടികൂടാനായുള്ള ദൗത്യസംഘം ഉടൻ പുറപ്പെടും
വയനാട് സുല്‍ത്താന്‍ ബത്തേരിയിലിറങ്ങിയ കാട്ടാന പിഎം 2വിനെ മയക്കുവെടി വെച്ച് പിടികൂടാനായുള്ള ദൗത്യസംഘം ഉടൻ പുറപ്പെടും. ആനയെ ലൊക്കേറ്റ് ചെയ്തതായി വനം വകുപ്പ് അറിയിച്ചു. പിഎം 2 എന്ന ആനയെ മയക്കുവെടി വെച്ച് പിടികൂടി മുത്തങ്ങയിലെ കേന്ദ്രത്തിലേക്ക് മാറ്റാനാണ് തീരുമാനം. കഴിഞ്ഞ ദിവസം രാത്രി ആന നഗരത്തിലേക്ക് ഇറങ്ങുകയും ഒരു കാൻനടയാത്രക്കാരനെ ആക്രമിക്കുകയും ചെയ്തിരുന്നു.
ആനയെ മയക്കുവെടിവെച്ച് പിടികൂടണം എന്നാവശ്യപ്പെട്ട് കൗൺസിലർമാർ ഇന്നലെ ഉപരോധ സമരം ആരംഭിച്ചിരുന്നു. വനം വകുപ്പ് ഉത്തരവ് വൈകിപ്പിക്കുകയാണെന്നായിരുന്നു കൗൺസിലർമാരുടെ ആക്ഷേപം. വനംവകുപ്പ് നിലപാട് തിരുത്തണമെന്ന് ബത്തേരി നഗരസഭ ചെയർമാൻ ടി.കെ രമേശ് ആവശ്യപ്പെട്ടിരുന്നു.
പിഎം 2 കാട്ടാനയെ തുരത്താൻ ബത്തേരിയിൽ കുങ്കിയാനകളെ എത്തിച്ചുവങ്കിലും ഫലം കണ്ടിരുന്നില്ല. മുത്തങ്ങ ആനപന്തിയിലെ സുരേന്ദ്രൻ, സൂര്യ എന്നീ കുങ്കിയാനകളെയാണ് ബത്തേരിയിൽ എത്തിച്ചത്. കാട്ടാന ജനവാസ മേഖലയിലെത്തിയാൽ തുരത്താൻ വേണ്ടിയാണ് കുങ്കിയാനകളെ കൊണ്ടുവന്നത്.
ഇരുളം ഫോറസ്റ്റ് സെക്ഷനിലെ വനഭാഗത്ത് നിന്നാണ് കാട്ടാനയെത്തിയത്. റേഡിയോ കോളർ (കർണാടക അല്ലെങ്കിൽ തമിഴ്നാട് ) ഘടിപ്പിച്ചതാണ് കാട്ടാന. ടൗണിൽ മെയിൻ റോഡിലക്ക് എത്തിയ കാട്ടാന നഗരസഭ ഓഫിസിന് സമീപമുള്ള ജയ പാർക്കിങ് ഗ്രൗണ്ടിലുമെത്തിയിരുന്നു. ബത്തേരിയിൽ ഇറങ്ങിയത് ഡിസംബർ മാസം തമിഴ്നാട് ഗൂഡല്ലൂരിൽ നിന്ന് വനംവകുപ്പ് പിടികൂടി കാട്ടിലേക്ക് വിട്ട കാട്ടാനയാണ്. ഇതിന് പിഎം 2 എന്നാണ് പേരിട്ടിരിക്കുന്നത്.