സിൽവർ ലൈൻ: സ്ഥലമെടുപ്പുമായി സർക്കാർ മുന്നോട്ട്
സിൽവർ ലൈൻ സ്ഥലമെടുപ്പുമായി സർക്കാർ മുന്നോട്ട്. പുതിയതായി സൃഷ്ടിച്ച തസ്തികകൾ തുടരാൻ ഉത്തരവിറക്കി. എറണാകുളം സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫിസിലെ ഏഴ് തസ്തികകൾ തുടരും. പതിനൊന്ന് ജില്ലകളിലെ സ്പെഷ്യൽ തഹസീൽദാർ ഓഫിസുകളിലെ 18 തസ്തികകളും തുടരാൻ ഉത്തരവ്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനാണ് തസ്തികകൾ സൃഷ്ടിച്ചത്. 2022 ഓഗസ്റ്റ് മുതൽ ഒരു വർഷത്തേക്കാണ് കാലാവധി നീട്ടിയത്.
മെയ് പകുതിയോടെ നിര്‍ത്തിയ സര്‍വെ നടപടികൾ വീണ്ടും തുടങ്ങാനും തീരുമാനമായിട്ടുണ്ട്. സാമൂഹിക ആഘാത പഠനം നടത്തുന്ന ഏജൻസികളുടെ കാലാവധി പുതുക്കി നൽകുന്നതിനുള്ള തീരുമാനം അടുത്ത് ചേരുന്ന മന്ത്രിസഭായോഗം പരിഗണിക്കും. മുടങ്ങിപ്പോയെന്നും പ്രതിഷേധം കനത്തപ്പോൾ പിൻമാറിയെന്നും ആക്ഷേപങ്ങൾക്കിടെയാണ് സിൽവര്‍ ലൈൻ പദ്ധതിയുമായി മുന്നോട്ട് തന്നെയെന്ന സൂചന സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് വരുന്നത്. സാമൂഹികാഘാത പഠനം പുനരാരംഭിക്കാനുള്ള നടപടികൾ മന്ത്രിസഭാ യോഗം പരിഗണിക്കാനിരിക്കെയാണ് ഭൂമി ഏറ്റെടുക്കലിന് ചുമതലപ്പെടുത്തിയ റവന്യു ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി സര്‍ക്കാര്‍ ഉത്തരവിറങ്ങിയത്. മുൻകാല പ്രാബല്യത്തോടെ ഒരു വര്‍ഷത്തേക്കാണ് കാലാവധി നീട്ടിയത്.