Saturday, January 4, 2025
Kerala

എല്ലാവരെയും വിശ്വാസത്തിലെടുത്ത് സംഘടനാ കാര്യങ്ങളുമായി മുന്നോട്ട് പോകും’ : എം.വി ഗോവിന്ദൻ

എല്ലാവരേയും വിശ്വാസത്തിലെടുത്ത് സംഘടനാ കാര്യങ്ങളുമായി മുന്നോട്ട് പോകുമെന്ന് സിപിഐഎമ്മിന്റെ പുതിയ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട എം വി ഗോവിന്ദൻ.
‘പാർട്ടി ഓരോ ചുമതലകൾ നൽകുന്നു. ആദ്യം മന്ത്രിയുടെ ചുമതല നൽകി. അതിനിടെയാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി ആവണമെന്ന തീരുമാനം വരുന്നത്. എല്ലാവരെയും വിശ്വാസത്തിലെടുത്ത് സംഘടനാ കാര്യങ്ങളുമായി മുന്നോട്ട് പോകും’- എം.വി ഗോവിന്ദൻ പറഞ്ഞു.

ഇന്ന് ഉച്ചയോടെയാണ് എം.വി.ഗോവിന്ദനെ സിപിഐഎം സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുത്തത്. കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന സെക്രട്ടറി പദവിയിൽ നിന്ന് മാറിയതോടെയാണ് മന്ത്രി എം.വി.ഗോവിന്ദനെ സെക്രട്ടറിയായി തെരഞ്ഞെടുത്ത്. ജനറൽ സെക്രട്ടറി സെക്രട്ടറി സീതാറാം യെച്ചൂരി, പൊളിറ്റ് ബ്യൂറോ അംഗങ്ങളായ പ്രകാശ് കാരാട്ട്, പിണറായി വിജയൻ, എം.എ.ബേബി, എ.വിജയരാഘവൻ എന്നിവർ പങ്കെടുത്തുകൊണ്ട് ചേർന്ന സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് തീരുമാനം. ഇ.പി.ജയരാജൻ അധ്യക്ഷനായി. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയും നിലവിൽ സിപിഐഎം കേന്ദ്രകമ്മിറ്റി അംഗവുമാണ് എം.വി ഗോവിന്ദൻ.

ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കോടിയേരി ബാലകൃഷ്ണൻ തന്നെ സെക്രട്ടറി സ്ഥാനം സ്വയം ഒഴിയുകയായിരുന്നു. പുതിയ സെക്രട്ടറിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി വിശ്രമത്തിൽ കഴിയുന്ന കോടിയേരിയെ രാവിലെ സിപിഐഎം നേതാക്കൾ എകെജി ഫ്ലാറ്റിലെത്തി കണ്ടിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ, ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, പിബി അംഗം എം.എ.ബേബി എന്നിവരാണ് കോടിയേരിയെ സന്ദർശിക്കാനെത്തിയത്. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം അവസാനിച്ച ശേഷമാണ് നേതാക്കൾ കോടിയേരിയുടെ ഫ്ലാറ്റിൽ എത്തിയത്. തുടർന്ന് ചേർന്ന് സംസ്ഥാന കമ്മിറ്റിയിലാണ് പുതിയ സെക്രട്ടറി തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *