തട്ടിപ്പ് കേസ് പ്രതിയായ കമറുദ്ദീനോട് യുഡിഎഫ് ചെയർമാൻ സ്ഥാനം രാജിവെക്കാൻ ലീഗ് ആവശ്യപ്പെട്ടു
ജ്വല്ലറി തട്ടിപ്പ്, വഞ്ചനാ കേസ്, ചെക്ക് തട്ടിപ്പ് തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ എം സി കമറുദ്ദീൻ എംഎൽഎയോട് യുഡിഎഫ് ജില്ലാ ചെയർമാൻ സ്ഥാനം രാജിവെക്കാൻ മുസ്ലിം ലീഗ് നിർദേശം നൽകി. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് തട്ടിപ്പ് കേസിലെ പ്രതിയെ സ്ഥാനത്ത് നിന്ന് മാറ്റി വെള്ള പൂശാൻ മുസ്ലീം ലീഗിന്റെ ശ്രമം
ജില്ലാ പ്രസിഡന്റ് ടി ഇ അബ്ദുള്ള, സംസ്ഥാന ട്രഷററും മുൻ മന്ത്രിയുമായ സിടി അഹമ്മദാലി എന്നിവരുടെ പേരുകളാണ് യുഡിഎഫ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. ചെറുവത്തൂർ ആസ്ഥാനമായ ഫാഷൻ ഗോൾഡ് എന്ന ജ്വല്ലറിക്ക് വേണ്ടി നടന്ന തട്ടിപ്പിലാണ് മുസ്ലീം ലീഗ് എംഎൽഎ പ്രതിയായിട്ടുള്ളത്.
ഫാഷൻ ഗോൾഡിൽ എംസി കമറുദ്ദീൻ ചെയർമാനും മറ്റൊരു മുസ്ലിം ലീഗ് നേതാവ് ടി കെ പൂക്കോയ തങ്ങൾ എംഡിയുമാണ്. നിക്ഷേപമായി സ്വീകരിച്ച തുക തിരിച്ചു നൽകിയില്ലെന്നാണ് പരാതി. 800ഓളം പേരിൽ നിന്നായി 136 കോടി രൂപയാണ് ഇരുവരും സ്വീകരിച്ചത്. ഇത് കൂടാതെ ചെക്ക് കേസിലും കമറുദ്ദീൻ പ്രതിയാണ്.