പണം വാങ്ങി തിരിച്ചു നൽകാതെ പറ്റിച്ചു; മുസ്ലീം ലീഗ് എംഎൽഎക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തു
മുസ്ലീം ലീഗ് നേതാവും മഞ്ചേശ്വരം എംഎൽഎയുമായ എം സി ഖമറുദ്ദീനെതിരെ വഞ്ചനാക്കുറ്റത്തിന് പോലീസ് കേസെടുത്തു. കാടങ്കോട് സ്വദേശി അബ്ദുൽ ഷുക്കൂർ, വെള്ളൂർ സ്വദേശികളായ ഇ കെ ആരിഫ, എംടിപി സുഹ്‌റ എന്നിവരുടെ പരാതിയിലാണ് കേസ്
എം സി ഖമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് ജുവലറിയുമായി ബന്ധപ്പെട്ടാണ് തട്ടിപ്പ് അരങ്ങേറിയത്. ഖമറുദ്ദീനെ കൂടാതെ മാനേജിംഗ് ഡയറക്ടർ ടി കെ പൂക്കോയ തങ്ങൾക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരിച്ചുതരാമെന്ന വ്യവസ്ഥയിൽ പണം വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതിക്കാർ പറയുന്നത്.
30 ലക്ഷം രൂപ നിക്ഷേപമായി സ്വീകരിക്കുകയും ആവശ്യപ്പെട്ടപ്പോൾ തിരികെ നൽകിയില്ലെന്നും ഇവർ പറയുന്നു. സുഹ്‌റയിൽ നിന്ന് 15 പവനും ഒരു ലക്ഷം രൂപയും ആരിഫയിൽ നിന്ന് മൂന്ന് ലക്ഷം രൂപയും അബ്ദുൽ ഷുക്കൂറിൽ നിന്ന് 30 ലക്ഷം രൂപയുമാണ് മുസ്ലിം ലീഗ് എംഎൽഎ പറ്റിച്ചതായി പരാതിയിൽ പറയുന്നത്.
എന്നാൽ കേസ് രാഷ്ട്രീയപ്രേരിതമെന്ന പതിവ് ന്യായമാണ് മുസ്ലീം ലീഗ് എംഎൽഎ ഖമറുദ്ദീൻ പറയുന്നത്. കോടതി മുഖാന്തരമാണ് കേസെടുക്കേണ്ടതെന്നും പോലീസിന് കേസെടുക്കാൻ അധികാരമില്ലെന്നും ഇദ്ദേഹം ന്യായീകരിക്കുന്നു.