വഞ്ചനാ കേസിന് പുറമെ എം സി കമറുദ്ദീനെതിരെ ചെക്ക് തട്ടിപ്പ് കേസും; കോടതി സമൻസ് അയച്ചു
വഞ്ചനകേസുകൾക്ക് പുറമേ ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപകരുടെ പരാതിയിൽ എംസി കമറുദ്ദീൻ എംഎൽഎക്കും മുസ്ലീം ലീഗ് നേതാവ് പൂക്കോയ തങ്ങൾക്കുമെതിരെ 78 ലക്ഷം രൂപയുടെ ചെക്ക് തട്ടിപ്പ് കേസും. പണം തിരികെ ആവശ്യപ്പെട്ട രണ്ട് നിക്ഷേപകർക്ക് വണ്ടി ചെക്കുകൾ നൽകിയെന്നാണ് കേസ്. മുസ്ലീം ലീഗ് ജില്ലാ നേതൃത്വത്തോട് പരാതി പറഞ്ഞിട്ടും കയ്യൊഴിഞ്ഞെന്ന് ലീഗ് അനുഭാവികളായ നിക്ഷേപകർ പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്ടോബറോടെ ഫാഷൻ ഗോൾഡ് ജ്വല്ലറിയുടെ ശാഖകൾ പൂട്ടിയതിനെ തുടർന്നാണ് കള്ളാർ സ്വദേശി സുബീർ നിക്ഷേപമായി നൽകിയ 28 ലക്ഷം രൂപ തിരികെ ആവശ്യപ്പെട്ടത്. തുടർന്ന് ജ്വല്ലറി ചെയർമാൻ എംസി കമറുദ്ദീൻ എംഎൽഎയും എംഡി പൂക്കോയ തങ്ങളും ഒപ്പിട്ട് പതിനഞ്ച് ലക്ഷത്തിൻറേയും പതിമൂന്ന് ലക്ഷത്തിൻറേയും രണ്ട് ചെക്കുകൾ നൽകി. എന്നാൽ, ചെക്ക് മാറാൻ ബാങ്കിൽ പോയപ്പോൾ അക്കൗണ്ടിൽ നയാപൈസയില്ല.
കള്ളാർ സ്വദേശിയായ പ്രവാസി വ്യവസായി അഷ്‌റഫിൽ നിന്ന് എംഎൽഎയും പൂക്കോയ തങ്ങളും നിക്ഷേപമായി വാങ്ങിയത് 50 ലക്ഷം. പണം തിരികെ ആവശ്യപ്പെട്ട് നിരന്തരം സമീപിച്ചപ്പോൾ ഡിസംബർ 31, ജനുവരി 1,30 തിയിതികളിലായി 15 ലക്ഷത്തിന്റെ രണ്ട് ചെക്കുകളും ഇരുപത് ലക്ഷത്തിന്റെ ഒരു ചെക്കും നൽകി. എന്നാൽ മൂന്ന് ചെക്കും മടങ്ങി. തുടർന്നാണ് ഇക്കഴിഞ്ഞ മാർച്ചിൽ ഇരുവരും കാഞ്ഞങ്ങാട് മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. നെഗോഷ്യബിൽ ഇൻസുട്രമെന്റ് ആക്ട് 138ആം വകുപ്പ് പ്രകാരമുള്ള രണ്ട് കേസുകളിൽ എംഎൽഎക്കും പൂക്കോയ തങ്ങൾക്കും കോടതി സമൻസ് അയച്ചിട്ടുണ്ട്.