Saturday, January 4, 2025
Kerala

പെണ്‍കുട്ടികളെ മുടിയും വെട്ടി ഷര്‍ട്ടും പാന്റും ധരിപ്പിച്ച് ആണ്‍കുട്ടികളായി തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുന്നു: ഇ പി ജയരാജന്‍

മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിനെതിരെ ആഞ്ഞടിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പെണ്‍കുട്ടികളെ പാന്റും ഷര്‍ട്ടും ധരിപ്പിച്ച് സമരത്തിനിറക്കുകയാണെന്ന് ജയരാജന്‍ പറഞ്ഞു. പെണ്‍കുട്ടികളെ ഈ വിധത്തില്‍ വേഷം ധരിപ്പിച്ച് ആണ്‍കുട്ടികളെന്ന് തെറ്റിദ്ധരിക്കുന്ന വിധത്തിലാണ് സമരത്തിന് ഇറക്കുന്നത്. ഇത്തരത്തില്‍ കോണ്‍ഗ്രസ് നാടിന്റെ അന്തരീക്ഷത്തെ വികൃതമാക്കരുതെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

കരിങ്കൊടിയും കൊണ്ട് അക്രമത്തിന് മുതിരുകയാണെങ്കില്‍ സ്ഥിതി മോശമാകുമെന്ന് ഇ പി ജയരാജന്‍ മുന്നറിയിപ്പ് നല്‍കി. പെണ്‍കുട്ടികള്‍ ഷര്‍ട്ടും പാന്റുമിട്ട് മുടിയും വെട്ടി വരുമ്പോള്‍ ആണ്‍കുട്ടികളാണെന്ന് തെറ്റിദ്ധരിക്കുകയാണെന്നും ചിലര്‍ കറുത്ത തുണിയും കെട്ടി കരിങ്കല്ലുകളുമായി എത്തുകയാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. എന്തിനാണ് കരിങ്കൊടി കൊണ്ട് നടക്കുന്നതെന്ന് ചോദിച്ച ഇ പി പാചകവാതകത്തിന് ഇത്രയും രൂപ കൂട്ടിയിട്ട് ഇവര്‍ക്ക് എന്തെങ്കിലും പ്രതിഷേധമുണ്ടോയെന്നും ചോദിച്ചു.

കരിങ്കൊടി പ്രതിഷേധം ഈ വിധത്തില്‍ തുടര്‍ന്നാല്‍ പ്രതിപക്ഷ നേതാവിനും സഞ്ചരിക്കാന്‍ കഴിയാത്ത സ്ഥിതിയുണ്ടാകുമെന്നും ഇ പി ജയരാജന്‍ അഭിപ്രായപ്പെട്ടു. കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്ധനസെസിലെ രണ്ട് രൂപ വര്‍ധനവ് ക്ഷേമപെന്‍ഷനിലേക്കാണ് പോകുന്നത്. പ്രതിഷേധിക്കുന്നവര്‍ അത് കൂടി മനസിലാക്കണമെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *