Saturday, April 12, 2025
Kerala

‘ഞങ്ങളുടെ പെണ്‍കുട്ടികളെ പുരുഷ പൊലീസ് ആക്രമിച്ചാല്‍ കൈയും കെട്ടി നോക്കിനില്‍ക്കില്ല’;പരാതിയുമായി മുന്നോട്ടെന്ന് കോണ്‍ഗ്രസ്

മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധത്തിനിടെ കെഎസ്‌യു പ്രവര്‍ത്തകയോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്ന് പരാതി. സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് പൊലീസിനെതിരെ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഡിജിപിക്ക് പരാതി നല്‍കി. ഇന്നലെയാണ് കൊച്ചിയില്‍ മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രതിഷേധം നടന്നത്. കെഎസ്‌യു പ്രവര്‍ത്തക മിവ ജോളിയെ പൊലീസ് ബലമായി കോളറില്‍ പിടിച്ച് പ്രതിഷേധസ്ഥലത്തുനിന്നും നീക്കം ചെയ്യുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് പരാതിയുമായി മുന്നോട്ടുപോകുന്നത്.

കെഎസ്‌യു പ്രവര്‍ത്തകയെ പൊലീസ് മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. ഇതിന് നടപടി സ്വീകരിച്ചേ മതിയാകൂ. നടപടി ആവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ സമരം ചെയ്തിട്ടുണ്ട്. ഇനിയും നടപടിയില്ലെങ്കില്‍ തങ്ങള്‍ മറ്റ് വഴികള്‍ ആലോചിക്കും. ഞങ്ങളുടെ പെണ്‍കുട്ടികള്‍ സമരത്തിനിറങ്ങിയാല്‍ പുരുഷ പൊലീസ് ആക്രമിക്കുമെന്ന് വന്നാല്‍ അത് കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രവര്‍ത്തകരായ ആണ്‍കുട്ടികളെ പിടിച്ചുമാറ്റാന്‍ പൊലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും വനിതാ പൊലീസുകാരില്ലാതിരുന്നതിനാല്‍ പ്രതിഷേധിച്ച വനിതാ പ്രവര്‍ത്തകയെ അറസ്റ്റ് ചെയ്തു നീക്കാന്‍ വൈകി. അത് കൊണ്ട് തന്നെ വാഹന വ്യൂഹം കടന്നുപോകുന്നത് വരെ പ്രതിഷേധിക്കാന്‍ പ്രവര്‍ത്തകര്‍ക്കായി.

Leave a Reply

Your email address will not be published. Required fields are marked *