സത്യാഗ്രഹം രണ്ടാം ദിനത്തിലേക്ക്; സർക്കാരിന്റെ ജനദ്രോഹ നികുതി നിർദേശങ്ങളെ നമ്മൾ പിൻവലിപ്പിക്കും; ഷാഫി പറമ്പിൽ
സംസ്ഥാന സർക്കാരിന്റെ ജനവിരുദ്ധ ബജറ്റിനെതിരെ നിയമസഭയ്ക്ക് പുറത്ത് 4 പ്രതിപക്ഷ എംഎൽഎമാരാണ് സത്യാഗ്രഹ സമരം നടത്തുന്നത്. സത്യാഗ്രഹ സമരം രണ്ടാം ദിവസം കടക്കുമ്പോൾ ഫേസ്ബുക്കിലൂടെ മറുപടി നൽകുകയാണ് ഷാഫി പറമ്പിൽ എംഎൽഎ. നികു’തീ’, സത്യാഗ്രഹം രണ്ടാം ദിനത്തിലേക്ക്.
പ്രതികരണ ശേഷി അടിയറവ് വെക്കാത്ത ജനതയുടെ കരുത്തിൽ സർക്കാരിന്റെ ജനദ്രോഹ നികുതി നിർദേശങ്ങളെ നമ്മൾ പിൻവലിപ്പിക്കുമെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു. ഒപ്പം സ്‌പീക്കർ എ എൻ ഷംസീർ സഭാ കവാടത്തിൽ സത്യഗ്രഹം ഇരിക്കുന്ന എംഎൽഎമാർക്ക് അടുത്തെത്തി കുശലാന്വേഷണം നടത്തുന്ന സ്റ്റോറിയം ഷാഫി ഫേസ്ബുക്കിൽ പങ്കുവച്ചു.
‘ജനത്തിന്റെ തലയ്ക്കടിക്കുന്ന ജനവിരുദ്ധ ബജറ്റ്’ എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിയാണ് എംഎൽഎമാരുടെ സമരം. പ്രതിപക്ഷ എംഎൽഎമാരായ ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, സി.ആർ.മഹേഷ്, നജീബ് കാന്തപുരം എന്നിവരാണ് നിയമസഭാ കവാടത്തിൽ സത്യഗ്രഹം നടത്തുന്നത്.
ഫോൺകോളുകൾ സ്വീകരിക്കുന്നതിന്റെ തിരക്കിലായിരുന്നു ഷാഫിയും മഹേഷും നജീബും. സത്യഗ്രഹ ചിത്രങ്ങൾ സി.ആർ.മഹേഷ് ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചു. പുസ്തകങ്ങൾ വായിക്കാനാണ് മാത്യു കുഴൽനാടൻ സമയം കണ്ടെത്തിയത്.