‘ഇന്ധന സെസ് പിൻവലിക്കണം’; സഭാകവാടത്തില്‍ 4 പ്രതിപക്ഷ എംഎൽഎമാർ സത്യഗ്രഹത്തിൽ
ഇന്ധന സെസ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം നിയമസഭയിൽ സത്യഗ്രഹ സമരo ആരംഭിച്ചു. ഷാഫി പറമ്പിൽ, മാത്യു കുഴൽ നാടൻ, സി.ആർ മഹേഷ്, നജീബ് കാന്തപുരം എന്നിവരാണ് സഭാ കവാടത്തിൽ സത്യഗ്രഹം തുടങ്ങിയത്.
നിയമസഭയിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. മാർച്ച് വി ഡി സതീശൻ ഉദ്ഘാടനം ചെയ്‌തു. ഇരുചക്ര വാഹനം കത്തിച്ചായിരുന്നു പ്രതിഷേധം. ഒടുവിൽ ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.
പ്രതിപക്ഷത്തിന്റെ സമരം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ബജറ്റ് ചർച്ച തുടങ്ങും മുൻപ് സഭാതലത്തിൽ പ്രഖ്യാപിക്കുകയായിരുന്നു. എം.എൽ.എമാർ പകലും രാത്രിയും സഭാ കവാടത്തിൽ സത്യാഗ്രഹം തുടരുമ്പോൾ സഭക്ക് പുറത്ത് സമരങ്ങൾ കടുപ്പിക്കാനാണ് പ്രതിപക്ഷ തീരുമാനം.
ജനങ്ങൾക്ക് മുകളിൽ ഇടിത്തീ പോലെ പെയ്തിറങ്ങുകയായിരുന്നു നികുതി നിർദേശങ്ങൾ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ഉമ്മൻ ചാണ്ടി മന്ത്രിസഭ 7 തവണ നികുതി കൂട്ടിയെന്ന് ധനമന്ത്രി പറഞ്ഞു. നികുതിയേ വേണ്ട എന്ന നിലപാട് സ്വീകരിക്കാനാവില്ല എന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ മറുപടി നൽകി. ശമ്പളവും പെൻഷനും മുടക്കാനാവില്ലെന്നും ധനമന്ത്രി പറഞ്ഞു.
ബിജെപി സർക്കാരിനെ പിന്തുണക്കുന്ന നിലപാടാണ് കോൺഗ്രസിനെന്നും കെ.എൻ. ബാലഗോപാൽ ആരോപിച്ചു. ജനവിരുദ്ധ ബജറ്റിനെതിരെ സഭയ്ക്കകത്തും പുറത്തും സമരം തുടരാനാണ് തീരുമാനമെന്ന് ഷാഫി പറമ്പിൽ ഫേസ്ബുക്കിൽ കുറിച്ചു.