Sunday, April 13, 2025
Kerala

കത്ത് എഴുതിയിട്ടും ഒപ്പിട്ടിട്ടുമില്ല, ലെറ്റർഹെഡിന്റെ ഭാഗവും ഒപ്പ് വരുന്ന ഭാഗവും കത്തിന്റെ കോപ്പിയിൽ അവ്യക്തം; ആര്യ രാജേന്ദ്രൻ

കത്ത് വിവാദത്തിൽ പ്രതികരണവുമായി തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രൻ രം​ഗത്ത്. താൻ നേരിട്ടോ അല്ലാതെയോ കത്ത് എഴുതിയിട്ടും ഒപ്പിട്ടിട്ടുമില്ലെന്ന് മേയർ പറഞ്ഞു. ലെറ്റർഹെഡിന്റെ ഭാഗവും ഒപ്പ് വരുന്ന ഭാഗവും കത്തിന്റെ കോപ്പിയിൽ അവ്യക്തമാണ്. ഈ കാലത്ത് വ്യാജക്കത്ത് നിർമിക്കുക പ്രയാസമുള്ള കാര്യമല്ലെന്ന് എല്ലാവർക്കും അറിയാമല്ലോ. നിയമനത്തിൽ ഒരു ഇടപെടലും നടത്തിയിട്ടില്ല. എഡിറ്റ് ചെയ്യപ്പെട്ട കോപ്പിയാണ് താൻ കണ്ടത്. കണ്ടന്റ് വ്യക്തമാകുന്ന രൂപത്തിലാണ് അത് എടുത്തിട്ടുള്ളത്. സർക്കാർ ഇടപെടൽ കൂടി തേടിയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.

മേയറുടെ ഓഫീസിനെ ഇക്കാര്യത്തിൽ സംശയിക്കാനാവില്ല. മേയർ സെക്ഷനിൽ ക്രമക്കേട് നടന്നതായി സംശയമില്ല. ഇക്കാര്യത്തിൽ മാധ്യമപ്രവർത്തകരുടെ ഇടപെടൽ കൗതുകകരമാണ്. മുഖ്യമന്ത്രിക്ക് പരാതി നൽകണം എന്ന് ആദ്യമേ തീരുമാനിച്ചിരുന്നു. ഇക്കാര്യത്തിൽ തനിക്ക് ഒന്നും ഒളിക്കാനില്ല. മേയറുടെ ഓഫീസോ താനോ കത്ത് നൽകിയിട്ടില്ല. കത്തിന്റെ ഉറവിടം പരിശോധിക്കണം. മേയറുടെ ഓഫീസിനേയും തന്നെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചിട്ടുണ്ട്.

എംപ്ലോയ്‌മെന്റിന് നിയമങ്ങൾ വിട്ടത് സർക്കാരുമായി ആലോചിച്ചാണ്. മുഖ്യമന്ത്രിയും തദ്ദേശ മന്ത്രിയും ആലോചിച്ചെടുത്ത തീരുമാനമാണത്. സുതാര്യമായി നിയമനം നടത്തും. ഡിജിറ്റൽ ഒപ്പ് ഇല്ല. താൻ സ്ഥലത്തില്ലെങ്കിൽ ഫയലുകൾ മെയിൽ ചെയ്ത്‌ ഒപ്പിട്ട്‌ തിരിച്ച് മെയിൽ ചെയ്യുന്നതാണ് പതിവ്. ഒരൊറ്റ തവണയേ അങ്ങനെ ചെയ്തിട്ടുള്ളു. കത്ത് ഗ്രൂപ്പിൽ ഷെയർ ചെയ്തത് സംബന്ധിച്ച് പാർട്ടി അന്വേഷണം നടത്തുമെന്നും അവർ വ്യക്തമായി.

Leave a Reply

Your email address will not be published. Required fields are marked *