തിരുവനന്തപുരം മ്യൂസിയം ലൈംഗിക അതിക്രമക്കേസിലെ പ്രതി തൊടുപുഴയിലും ആക്രമണം നടത്തിയതായി പരാതി
തിരുവനന്തപുരം മ്യൂസിയം ലൈംഗിക അതിക്രമക്കേസിലെ പ്രതി സന്തോഷിനെതിരെ വീണ്ടും ആരോപണം. തൊടുപുഴയിലും വനിതാ ഡോക്ടർക്ക് നേരെ സന്തോഷ് ലൈംഗികാതിക്രമം നടത്തിയതായാണ് സംശയം. തൊടുപുഴ പോലീസ് മ്യൂസിയം പോലീസുമായി ബന്ധപ്പെട്ടു.
സർക്കാർ വാഹനത്തിൽ ഔദ്യോഗിക യാത്ര പോയപ്പോൾ സന്തോഷ് അതിക്രമം കാട്ടിയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. 2021 ഡിസംബർ 6 വൈകിട്ട് ആറുമണിക്കാണ് തൊടുപുഴയിലെ സംഭവം. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ യുവതി ജോലികഴിഞ്ഞ് നടന്നു പോകുന്നതിനിടെ പിന്നാലെയെത്തിയ മെലിഞ്ഞ വ്യക്തി കടന്നു പിടിച്ചുവെന്നാണ് കേസ്. സന്തോഷ് ആ ദിവസം തൊടുപുഴയിൽ ഉണ്ടായിരുന്നോയെന്ന് ഉറപ്പിക്കാൻ പൊലീസ് അന്വേഷണം തുടങ്ങി.
സംഭവം സ്ഥിരീകരിച്ചാൽ സന്തോഷിനെതിരെ പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്യും. അതിനിടെ, മ്യൂസിയത്ത് വനിതാ ഡോക്ടറെ ആക്രമിച്ച കേസിൽ സന്തോഷിനെ മ്യൂസിയം കോമ്പൗണ്ടിൽ ഉൾപ്പെടെ നഗരത്തിന്റെ വിവിധയിടങ്ങളിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.