‘ആസേതു ഹിമാചലം വിശാലമായ സുജലയും സുന്ദരിയും ശോഭ നിറഞ്ഞവളുമായ മഹാമാതൃ രൂപം, എന്‍റെ നാടിന്‍റെ പേര് ഇന്ത്യ’: സതീശൻ
തിരുവനന്തപുരം: രാജ്യത്തെ പേരുമാറ്റ വിവാദത്തിൽ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ രംഗത്ത്. ഇന്ത്യയുടെ ചരിത്രം പറഞ്ഞുള്ള ഫേസ്ബുക്ക് കുറിപ്പിൽ ആർ എസ് എസിനെതിരെ രൂക്ഷ വിമർശനവും സതീശൻ നടത്തിയിട്ടുണ്ട്. ആർ എസ് എസ് എന്ന സംഘടനയുടെ മതാധിഷ്ഠിത രാഷ്ട്രീയ ഗൂഢാലോചനയാണ് കേന്ദ്ര സർക്കാരിന്‍റെ നീക്കത്തിലൂടെ പുറത്തു വരുന്നതെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഗാന്ധി ഘാതകരുടെ കാൽക്കൽ അടിയറ വയ്ക്കാനുള്ളതല്ല സിന്ധുവിന്‍റെ സംസ്കൃതിയിലൂടെ പരന്നൊഴുകി ഇന്ത്യൻ മഹാസമുദ്രത്തിൽ പാദം ചേർക്കുന്ന ഈ മണ്ണെന്നും ഉറപ്പിച്ച് തന്നെ പറയാമെന്നും സതീശൻ കൂട്ടിച്ചേർത്തു. എന്‍റെ നാടിന്‍റെ പേര് ഇന്ത്യ, ഞങ്ങൾ ഇന്ത്യക്കാരെന്നും പറഞ്ഞുകൊണ്ടാണ് സതീശൻ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിച്ചത്.