എൽദോസിനെതിരെ നടപടി ഇന്ന് ഉണ്ടാകും’; ലഡു വിതരണം ചെയ്തതിൽ അസ്വാഭാവികതയില്ല; വി.ഡി.സതീശൻ
എൽദോസ് കുന്നപ്പിള്ളിലിനെതിരായ പാർട്ടി നടപടി ഇന്ന് ഉണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. കെപിസിസി പ്രസിഡന്റുമായി ആലോചിച്ചതിനുശേഷം തീരുമാനമെടുക്കും. ജാമ്യം ലഭിച്ചതും എൽദോസ് കുന്നപ്പള്ളിലിന്റെ വിശദീകരണവും പരിഗണിച്ചായിരിക്കും നടപടി.
മുൻകൂർ ജാമ്യം ലഭിച്ചതിന് ശേഷം എംഎൽഎ ഓഫീസിൽ ലഡു വിതരണം ചെയ്തതിൽ അസ്വാഭാവികതയില്ലെന്നും വി.ഡി.സതീശൻ പറവൂർ കുന്നുകരയിൽ പറഞ്ഞു. പൊലീസ് സിപിഐഎം നിയന്ത്രണത്തിലാണ്.
മുഖ്യമന്ത്രി പൊലീസിനെ നിർവീര്യമാക്കുന്നു. എസ്പിയെ ജില്ലാ സെക്രട്ടറിയും എസ്എച്ച്ഒയെ ഏരിയ സെക്രട്ടറിയും നിയന്ത്രിക്കുന്നുവെന്നും വി.ഡി.സതീശൻ പറഞ്ഞു.
സാങ്കേതിക സർവകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി സർക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സർവകലാശാലകളിലെ വിസി നിയമനങ്ങളെല്ലാം നടപടിക്രമങ്ങൾ ലംഘിച്ചാണ് നടന്നത്.
കണ്ണൂർ വിസി പുനർ നിയമനവും ഇതേ രീതിയിൽ ആണ്. അധ്യാപക നിയമനങ്ങളിൽ വിസിമാരെ സർക്കാർ പാവകളാക്കുന്നു. ഉന്നത വിദ്യാഭ്യാസം തകർക്കുന്ന സമീപനമാണ് സർക്കാരിൻ്റേതെന്നും സതീശൻ പറഞ്ഞു