ഛര്‍ദ്ദി പറ്റിയ സീറ്റില്‍ ഇരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു
സിയാറ്റില്‍: ഛര്‍ദ്ദി അവശിഷ്ടങ്ങള്‍ പറ്റിയ സീറ്റില്‍ ഇരിക്കാന്‍ വിസമ്മതിച്ച യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു. ലാസ് വെഗാസില്‍ നിന്ന് മോണ്‍ട്രിയോളിലേക്ക് പോകുകയായിരുന്ന എയര്‍ കാനഡ വിമാനത്തിലാണ് സംഭവം ഉണ്ടായത്.
ഓഗസ്റ്റ് 26നാണ് സംഭവം ഉണ്ടായത്. വിമാനത്തിലെ യാത്രക്കാരിയായ സൂസന്‍ ബെന്‍സണ്‍ ആണ് ഇത് പുറത്തുവിട്ടത്. സൂസന്‍ ഓഗസ്റ്റ് 29ന് ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് സംഭവം വിവരിക്കുന്നത്.
വിമാനത്തിലെ ജീവനക്കാരോട് അപമര്യാദയായി പെരുമാറിയെന്ന് പറഞ്ഞാണ് രണ്ട് യാത്രക്കാരെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടതെന്ന് സൂസന്‍ പറയുന്നു.
വിമാനത്തില്‍ അല്‍പ്പം ദുര്‍ഗന്ധം ഉണ്ടായിരുന്നു. പക്ഷേ പ്രശ്‌നം എന്താണെന്ന് ആദ്യം ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. പിന്നീടാണ് മനസ്സിലായത് നേരത്തെ നടത്തിയ സര്‍വീസിനിടെ ഒരാള്‍ ഛര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് എയര്‍ കാനഡ ജീവനക്കാര്‍ വളരെ വേഗം ഇത് വൃത്തിയാക്കിയെങ്കിലും ഛര്‍ദ്ദിയുടെ അവശിഷ്ടങ്ങള്‍ പൂര്‍ണമായും വൃത്തിയാക്കിയിരുന്നില്ല. യാത്രക്കാര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോള്‍ ദുര്‍ഗന്ധം ഒഴിവാക്കാന്‍ ജീവനക്കാര്‍ അവിടെ കാപ്പിപ്പൊടിയും പെര്‍ഫ്യൂമുും ഉപയോഗിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. സീറ്റും സീറ്റ് ബെല്‍റ്റും നനഞ്ഞിരിക്കുകയാണെന്നും ഛര്‍ദ്ദിയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴും അവിടെയുണ്ടെന്നും യാത്രക്കാര്‍ വിമാനത്തിലെ ജീവനക്കാരെ പറഞ്ഞ് മനസ്സിലാക്കാന്‍ ശ്രമിച്ചു. ഫ്‌ലൈറ്റ് അറ്റന്‍ഡന്റ് ക്ഷമാപണം നടത്തുകയും വിമാനം ഫുള്‍ ആയതിനാല്‍ മറ്റൊന്നും ചെയ്യാനാവില്ലെന്ന് പറയുകയും ചെയ്തതായി സൂസന്‍ കുറിച്ചു.