Thursday, January 9, 2025
Kerala

മണിപ്പൂര്‍ കലാപം, കേരളത്തിന് പാഠം പഠിക്കാനുണ്ടെന്ന് സുധാകരൻ; സംസ്ഥാനത്ത് നാളെ കോൺഗ്രസ് പന്തംകൊളുത്തി പ്രതിഷേധം

തിരുവനന്തപുരം : മണിപ്പൂരിലെ അക്രമസംഭവങ്ങളിൽ പ്രതികരണവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ബിജെപി പിടിമുറുക്കിയതോടെ മണിപ്പൂർ അശാന്തിയിലേക്ക് നിലംപതിച്ചെന്ന് കെപിസിസി അധ്യക്ഷൻ വിമ‍ർശിച്ചു. മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളിലും ഗോത്രവര്‍ഗക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരെ നടക്കുന്ന അക്രമങ്ങളിലും പ്രതിഷേധിച്ച് കെപിസിസിയുടെ നേതൃത്വത്തില്‍ മെയ് 7 ഞായറാഴ്ച മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പന്തംകൊളുത്തി പ്രകടനം നടത്തുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചു.

ബിജെപി ഭരണകൂടത്തിന്റെയും പോലീസിന്റെയും പിന്തുണയോടെയാണ് മണിപ്പൂരിൽ അക്രമങ്ങള്‍ അരങ്ങേറുന്നത്. 54 പേര്‍ കൊല്ലപ്പെടുകയും പതിനായിരത്തോളം പേരെ മാറ്റിത്താമസിപ്പിക്കുകയും ചെയ്തു. അമ്പതോളം ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. സമാധാനപരമായി ജീവിച്ച മണിപ്പൂര്‍ ജനസമൂഹമാണ് ബിജെപി പിടിമുറുക്കിയതോടെ അശാന്തിയിലേക്ക് നിലംപതിച്ചത്. 25 വര്‍ഷംകൊണ്ട് മണിപ്പൂര്‍ വലിയ വികസനം നേടുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വെറും ജലരേഖയായി. ഇതില്‍നിന്ന് കേരളത്തിനു വലിയൊരു പാഠം പഠിക്കാനുണ്ട്. വിവിധ സമുദായങ്ങള്‍ സാഹോദര്യത്തോടെ കഴിയുന്ന കേരളത്തിലേക്ക് ബിജെപി കടന്നുവന്നാല്‍ അതു മണിപ്പൂരിലേതുപോലെ വലിയ ദുരന്തത്തിനു വഴിയൊരുക്കുമെന്ന് സുധാകരന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *