Tuesday, April 15, 2025
Kerala

കോൺഗ്രസ് നേതാക്കളുടെ ചിന്തകൾ മാറണം,സാധാരണക്കാർക്കൊപ്പം നിൽക്കണം; കെ സുധാകരൻ

സാധാരണക്കാരിൽ നിന്നും നേതൃത്വം അകന്ന് പോകുന്നതാണ് ഇന്ന് കോൺഗ്രസിനുണ്ടായ പിന്നാക്കാവസ്ഥയ്ക്ക് കാരണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ആരും പ്രത്യയ ശാസ്ത്രം പഠിക്കുന്നില്ല. കോഴിക്കോട് ഡിസിസി ഓഫീസിന്റെ തറക്കല്ലിടൽ ചടങ്ങിൽ സംസാരിക്കുകയായിരുന്നു കെപിസിസി അധ്യക്ഷൻ. താരീഖ് അൻവർ, രമേശ് ചെന്നിത്തല, എംകെ രാഘവൻ, കെ മുരളീധരൻ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.

നേതാക്കളുടെ ചിന്തകൾ മാറണമെന്നും പുതിയ ചിന്തകളും മുഖവും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.സഹായിക്കുന്നവർക്കൊപ്പം ആളുകൾ നിൽക്കുന്ന രാഷ്ട്രീയമാണ് ഇപ്പോഴത്തേത്. അതിനാൽ സാധാരണക്കാർക്കൊപ്പം നേതാക്കൾ നിൽക്കണം. പൊതുവായ പ്രശ്നങ്ങൾ ഏറ്റെടുക്കണം, അല്ലാത്തവരെ ഇപ്പോൾ ആർക്കും വേണ്ട എന്നും കെ സുധാകരൻ പറഞ്ഞു.

കേരളത്തിലെ കോൺഗ്രസ്‌ മികച്ച സംഘടന പ്രവർത്തനം ആണ് നടത്തുന്നതെന്ന് ചടങ്ങിൽ താരീഖ് അൻവർ പറഞ്ഞു. രാജ്യം വളരെ സങ്കീർണമായ രാഷ്ട്രീയ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വലിയ വിജയമാണ്. ആളുകൾ യാത്രയെ സ്വീകരിക്കുന്നുണ്ട്. രാഹുലുമായി സംവദിക്കുന്നുണ്ട്. എല്ലാവരും പിന്തുണക്കുന്നു. ഇത് കാണിക്കുന്നത് കോൺഗ്രസിന്റെ തിരിച്ചു വരവാണ്. കേരളത്തിലെ കോൺഗ്രസ് വലിയ മാതൃകയാണ് എല്ലാവർക്കുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *