ബിജെപി നീക്കത്തിന് തടയിടാൻ കോൺഗ്രസ്; മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച് കെ സുധാകരൻ
തലശേരി ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ബിഷപ്പുമായി സുധാകരൻ ചർച്ച നടത്തുന്നു. തലശ്ശേരി ബിഷപ്പ് ഹൗസിൽ വച്ചാണ് കൂടിക്കാഴ്ച്ച. ക്രൈസ്തവ സഭകളെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് തടയിടാനാണ് കോൺഗ്രസ് നീക്കം. കർദ്ദിനാൾ ആലഞ്ചേരിയെയും താമരശേരി ബിഷപ്പിനെയും കാണും.
എംഎൽഎ മാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ഡിസിസി അധ്യക്ഷൻ മാർട്ടിൻ ജോർജ്, എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ക്രൈസ്തവരെ അടുപ്പിക്കാനുള്ള ബിജെപി നീക്കത്തിന് പിന്നാലെയാണ് കോൺഗ്രസ് കൂടിക്കാഴ്ച്ച. കർദ്ദിനാൾ ആലഞ്ചേരി അടക്കമുള്ള മതമേലധ്യക്ഷന്മാരുമായി അടുത്തയാഴ്ച സുധാകരൻ കൂടിക്കാഴ്ച നടത്തും.
യുഡിഎഫിന്‍റെ പരമ്പരാഗത വോട്ട് ബാങ്കായ ക്രൈസ്തവ ന്യൂനപക്ഷങ്ങളെ ഒപ്പം നിർത്താനുള്ള ബിജെപി ശ്രമങ്ങളിൽ കടുത്ത ആശങ്കയാണ് എ ഗ്രൂപ്പ് പങ്ക് വച്ചത്. പാർട്ടിക്കുള്ളിൽ നിന്നും എതിർപ്പ് ഉയരുന്ന പശ്ചാത്തലത്തിലാണ് ഒടുവിൽ മറുനീക്കം. മതമേലധ്യക്ഷന്മാരെ നേരിട്ട് കണ്ട് പ്രശ്നങ്ങൾ അറിയാനാണ് സുധാകരന്‍റെ ദൗത്യം.