‘ആ പൂതിയൊന്നും ഏശില്ല, കെട്ടിപ്പൊക്കുന്ന ആരോപണങ്ങൾ ജനം വിശ്വസിക്കുമെന്ന് കരുതേണ്ട’; മറുപടിയുമായി പിണറായി
തിരുവനന്തപുരം: സർക്കാരിന് താത്പര്യം വികസനത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത് നാട് അറിയരുതെന്ന് ചില നിക്ഷിപ്ത താത്പര്യക്കാർ ആഗ്രഹിക്കുന്നു. സർക്കാരിനെതിരെ എന്തൊക്കെ കെട്ടിച്ചമയ്ക്കാനാവുമെന്ന് നോക്കുന്നു. അതിന് മാധ്യമങ്ങളും കൂട്ടുനിൽക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു. കെ.ജി.ഒ.എ സംസ്ഥാന സമ്മേളനത്തിൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി വിജയൻ. സർക്കാരിൻ്റെ രണ്ടാം വർഷത്തിൻ്റെ നിറം കെടുത്താൻ ശ്രമം നടക്കുന്നുണ്ട്. ആ പൂതിയൊന്നും ഏശില്ല. കെട്ടി പൊക്കുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കുമെന്ന് ആരും കരുതണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ആരോപണം ഉന്നയിക്കുന്നവർ അപഹാസ്യരാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനങ്ങൾക്ക് ഭരണത്തിൽ സംതൃപ്തിയുണ്ടാവുകയെന്നതാണ് പ്രധാനം. പരമ്പരാഗത ഫയൽ നീക്ക രീതികൾ മാറി വരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളമാണ് രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനം. അതിൽ തൃപ്തനല്ല. അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടത്. നാടിൻ്റെ പൊതുവായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനങ്ങളുടെ ക്ഷേമത്തിനും സർക്കാർ അതിയായ പ്രാധാന്യം നൽകുന്നുണ്ട്. ജനങ്ങളെ മുന്നിൽ കണ്ടു കൊണ്ടുള്ള പ്രവർത്തന രീതിയായിരിക്കണം ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമ്പത്തികമായി വലിയ ശേഷിയില്ലാത്ത സംസ്ഥാനമാണ് കേരളം. എന്നാൽ അതിൻ്റെ പേരിൽ പക്ഷെ ഒരു വികസന പ്രവർത്തനവും തടഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
യു.ഡി എഫിൻ്റെ ദുസ്ഥിതിയിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല. കയ്യിലിരിപ്പാണ് യു.ഡി.എഫിനെ ഈ സ്ഥിതിയിലെത്തിച്ചത്. 2021 ൽ എന്തൊക്കെ കോലാഹലങ്ങളായിരുന്നു? എന്നിട്ട് എന്തു സംഭവിച്ചു? ജനങ്ങൾ ഒന്നാകെ കൂടെ നിന്നു എന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. 2021 ൽ സർക്കാർ വന്ന് ആഴ്ച്ചകൾ കഴിഞ്ഞില്ല, അതിനു മുന്നേ എതിർപ്പ് ഉയർത്തി. എല്ലാ വികസനങ്ങളും തടയുകയെന്നതിൽ ബി.ജെ.പിയും യു.ഡി.എഫും ഒരേ മാനസികാവസ്ഥയിൽ ആണ്. ഇല്ലാ കഥകളുണ്ടാക്കുക, ദുരാരോപണങ്ങൾ ഉന്നയിക്കുക ഒന്നും ഏൽക്കുന്നില്ല. യു.ഡി എഫ് സംസ്ക്കാരത്തിലല്ല എൽ.ഡി.എഫ് നിൽക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.