പോക്സോ പീഡന കേസ്: തിരുവനന്തപുരത്ത് ട്രാൻസ് വുമണിന് ഏഴ് വർഷം കഠിന തടവും, പിഴയും
പോക്സോ പീഡന കേസിൽ ട്രാൻസ്ജെന്ററായ പ്രതിക്ക് ഏഴ് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ. പതിനാറുകാരനെ പീഡിപ്പിച്ച കേസിൽ ചിറയിൻകീഴ് ആനന്ദലവട്ടം സ്വദേശി സൻജു സാംസണെ (34)യാണ് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒരു വർഷം കൂടുതൽ തടവ് അനുഭവിക്കണമെന്ന് ജഡ്ജി ആജ് സുദർശൻ വിധിയിൽ പറയുന്നു.
സംഭവം നടന്നത് 2016 ഫെബ്രുവരി 23 ന് ഉച്ചയ്ക് രണ്ടരയോടെയാണ്. ചിറയിൻകീഴ് നിന്ന് ട്രെയിനിൽ തിരുവനന്തപുരത്ത് വരികയായിരുന്ന ഇരയെ പ്രതി പരിചയപ്പെട്ടു. തുടർന്ന് കുട്ടിയെ തമ്പാനൂർ പബ്ലിക്ക് കംഫർട്ട് സ്റ്റേഷനിൽ കൊണ്ടുപോയി പീഡിപ്പിച്ചു. പ്രതിക്കൊപ്പം പോകാൻ വിസമ്മതിച്ച കുട്ടിയെ ഭീഷണിപ്പെടുത്തി കൊണ്ടുപോവുകയായിരുന്നു എന്നാണ് ആരോപണം.