പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു, യുവാവിന് 50 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും
തൃശൂർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ യുവാവിന് 50 വര്‍ഷം കഠിന തടവ്. 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു.കുന്ദംകുളം പോര്‍ക്കളം സ്വദേശി സായൂജിനെയാണ് കോടതി ശിക്ഷിച്ചത്.
കുന്ദംകുളം അതിവേഗ സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. 2018 ഫെബ്രുവരി മാസം പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്.
പീഡനത്തിനു പിന്നാലെ പെണ്‍കുട്ടി ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചിട്ടുള്ളത്.
പെൺകുട്ടിയുടെ വീട്ടിലേക്ക് പ്രതി തുടർച്ചയായി അതിക്രമിച്ചു കയറുകയും പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോൾ പെൺകുട്ടി കയ്യിലെ ഞരമ്പ് മുറിച്ചു ആത്മഹത്യ ശ്രമം നടത്തിയപ്പോഴാണ് കാര്യങ്ങൾ വീട്ടുകാർ അറിയുന്നത് . തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ കുന്നംകുളം പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിനെ തുടർന്നാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്.