പതിനാറുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 7 വർഷം കഠിന തടവും 40,000 രൂപ പിഴയും
പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 7 വർഷം കഠിന തടവും 40,000 രൂപ പിഴയും. തിരുവനന്തപുരം അതിവേഗ സ്പെഷ്യൽ കോടതിയുടേതാണ് വിധി. തൂത്തുക്കുടി സ്വദേശി ചിന്ന ദുരൈ(55) ആണ് കേസിലെ പ്രതി.
പിഴ അടച്ചില്ലെങ്കിൽ ഒരു വർഷവും മൂന്ന് മാസത്തെ അധിക ശിക്ഷ അനുഭവിക്കണം. പിഴ തുകയിൽ മുപ്പതിനായിരം രൂപ ഇരയായ പെൺകുട്ടിക്ക് നൽകണമെന്നും കോടതി വിധിച്ചു. 2003 സെപ്തംബർ 21നാണ് കേസിനാസ്പദമായ സംഭവം. തുണിക്കടയിൽ ജീവനക്കാരനായിരുന്ന പ്രതി വാടകയ്ക്ക് താമസിക്കുകയായിരുന്നു.
പ്ലസ് വൺ വിദ്യാർത്ഥിനിയായ പെൺക്കുട്ടി സംഭവ ദിവസം സഹോദരനും കൂട്ടുകാരുമായി വീടിന് മുന്നിൽ ഒളിച്ച് കളിക്കുകയായിരുന്നു. ഇതിനിടെ പീഡന ഉദ്ദേശത്തോടെ പ്രതി പെൺകുട്ടിയോട് തൻ്റെ വീടിനുള്ളിൽ കയറി ഒളിച്ചിരിക്കാൻ പറഞ്ഞു. പെൺകുട്ടിയും സഹോദരനും കൂടി വീട്ടിനുള്ളിൽ കയറി.
സഹോദരൻ ഒളിക്കാൻ പോയ തക്കം നോക്കി പ്രതി കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. കുട്ടി കരഞ്ഞ് കൊണ്ട് കൂട്ടുകാരോട് പറയുകയും വീട്ടുകാർ ഫോർട്ട് പൊലീസിൽ പരാതിപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.