Tuesday, April 15, 2025
Kerala

വിദേശ വനിതയുടെ കൊലപാതകം; ശിക്ഷാവിധി നാളെ

ആയുർവേദ ചികിത്സയ്ക്കായി കോവളത്ത് എത്തിയ വിദേശ വനിതയെ ലഹരി നൽകിയ ശേഷം ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ശിക്ഷാവിധി നാളെ. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. കേസിൽ വാദം പൂർത്തിയായി. പ്രതികളായ ഉമേഷ് (28), ഉദയകുമാർ (24) എന്നിവർ കുറ്റക്കാരാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. കേരളത്തിലെത്തിയ വിനോദസഞ്ചാരി ബലാൽസംഗത്തിന് ഇരയായി സംസ്ഥാനത്ത് ആദ്യമായാണ്. സംഭവത്തിലൂടെ രാജ്യത്തിനു തന്നെ മോശം പ്രതിച്ഛായയുണ്ടായി. വിദേശവനിതയുടെ കുടുംബത്തിനു വലിയ നഷ്ടപരിഹാരം നൽകണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.

എന്നാല്‍ പ്രതികളുടെ കുറഞ്ഞ പ്രായം കണക്കിലെടുത്ത് ശിക്ഷയിൽ ഇളവ് വേണമെന്ന് പ്രതിഭാഗം കോടതിയോട് ആവശ്യപ്പെട്ടു. പ്രതികൾക്ക് നല്ല ജീവിതത്തിലേക്കുള്ള മടങ്ങിവരവിന് അവസരം ഒരുക്കണമെന്നും പ്രതികളുടെ അഭിഭാഷകൻ വാദിച്ചു. നേരത്തെ പ്രതികൾക്കെതിരെ കൊലക്കുറ്റം, കൂട്ടബലാൽസംഗം, തെളിവു നശിപ്പിക്കൽ, ലഹരിമരുന്നു നൽകി ഉപദ്രവം, സംഘം ചേർന്നുള്ള ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *