നഗരസഭയുടെ മതേതര സ്വഭാവം തകർക്കാനുള്ള നീക്കം തിരിച്ചറിയുക; മേയർ ആര്യ രാജേന്ദ്രൻ
തിരുവനന്തപുരം നഗരസഭയുടെ മതേതര സ്വഭാവം തകർക്കാനുള്ള നീക്കം തിരിച്ചറിയണമെന്ന് മേയർ ആര്യ രാജേന്ദ്രൻ. നഗരസഭയിൽ കൗൺസിലർമാർ നടത്തിയ ഹോമം സർക്കാർ സ്ഥാപനങ്ങളെയും മതേതര സ്വഭാവത്തെയും അട്ടിമറിക്കുന്നതിനുവേണ്ടി ബോധപൂർവ്വം നടത്തിയ ഇടപെടലാണ്. കേരളത്തെ വർഗ്ഗീയ കലാപത്തിന്‍റെ വേദിയാക്കുന്നതിന് വേണ്ടിയാണ് ഇത്തരം ശ്രമങ്ങൾ നടത്തുന്നതെന്നും മേയർ കുറ്റപ്പെടുത്തി.
എഫ് ബി പോസ്റ്റ്;
തിരുവനന്തപുരം നഗരസഭ ഒരു മതേതര സ്ഥാപനമാണ്. കേരളത്തിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളും എന്നപോലെ തിരുവനന്തപുരം നഗരസഭയും ഒരു മതേതര സ്ഥാപനമാണ് അവിടെ എല്ലാ ജാതിമത വിഭാഗങ്ങൾക്കും ഒരേതരം പരിഗണനയാണ് നൽകുന്നത്. തിരുവനന്തപുരം നഗരസഭയിൽ തിരഞ്ഞെടുക്കപ്പെട്ട ഉത്തരവാദപ്പെട്ട കൗൺസിലർമാർ നടത്തിയ ഹോമം കേരളത്തിലെ സർക്കാർ സ്ഥാപനങ്ങളെയും കേരളത്തിന്റെ മതേതര സ്വഭാവത്തെയും അട്ടിമറിക്കുന്നതിനുവേണ്ടി ബോധപൂർവ്വം നടത്തിയ ഇടപെടലാണ്.
ഇത്തരം പ്രവണതകൾ വെച്ചു പുലർത്തുന്നത് ചില പ്രത്യേക ലക്ഷ്യത്തോടു കൂടി കേരളത്തെ വർഗ്ഗീയ കലാപത്തിന്‍റെ വേദിയാക്കുന്നതിന് കൂടി വേണ്ടിയാണ് ഇത്തരം ശ്രമങ്ങൾ നടത്തുന്നത്. നാളിതുവരെയും കേരളത്തിലെ യാതൊരു സർക്കാർ സ്ഥാപനത്തിലും നടക്കാത്ത തരത്തിലാണ് തിരുവനന്തപുരം നഗരസഭയിലെ ഉത്തരവാദപ്പെട്ട കൗൺസിലർമാരുടെ നേതൃത്വത്തിൽ തന്നെ ഒരു പ്രത്യേക മതാചാരത്തിന്‍റെ ഭാഗമായുള്ള ഹോമം നടത്തിയതെന്നുള്ളത് എത്രമാത്രം ദുഷ്ടലാക്കോടുകൂടിയാണ് ഇത്തരം ആൾക്കാർ പ്രവർത്തിക്കുന്നത് എന്നുള്ളതിന്‍റെ ദൃഷ്ടാന്തമാണ്.
ഇത്തരം പ്രവണതകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കൗൺസിലർമാർ , അത് ഏത് പാർട്ടിയിൽപ്പെട്ടവരായാലും മാറി നിൽക്കണമെന്നും കേരളത്തിന്‍റെ മതേതര സ്വഭാവം സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ ഇടപെടണമെന്നും അഭ്യർത്ഥിക്കുന്നു. അതോടൊപ്പം തന്നെ കേരളത്തിന്‍റെ പ്രത്യേകിച്ച് തിരുവനന്തപുരം നഗരസഭയുടെയും മതേതര സ്വഭാവം തകർക്കാനുള്ള യാതൊരു നീക്കത്തെയും അതിശക്തമായി എതിർക്കും.