Thursday, October 17, 2024
Kerala

വിഴിഞ്ഞം തുറമുഖ സമരം; പദ്ധതി നടത്തിപ്പിൽ ആശങ്കയറിയിച്ച് അദാനി ഗ്രൂപ്പ് വീണ്ടും സർക്കാരിന് കത്തു നൽകിയേക്കും

വിഴിഞ്ഞം തുറമുഖ സമരം തുടരുന്ന പശ്ചാത്തലത്തിൽ പദ്ധതി നടത്തിപ്പിൽ ആശങ്കയറിയിച്ച് അദാനി ഗ്രൂപ്പ് വീണ്ടും സർക്കാരിന് കത്തുനല്കിയേക്കും. സമരം ഒത്തുതീർപ്പാക്കി ഒക്ടോബർ അവസാനം നിർമാണം പുനരാരംഭിക്കാനാകുമെന്നായിരുന്നു അദാനി ഗ്രൂപ്പിന് സർക്കാർ നൽകിയ ഉറപ്പ്‌. എന്നാൽ സമരം അനന്തമായി നീളുന്നതിൽ അദാനി ഗ്രൂപ്പ് സർക്കാരിനെ അതൃപ്തി അറിയിക്കും. നിർമാണം മുടങ്ങിയതിലൂടെ പ്രതിദിനം 2 കോടി രൂപ നഷ്ടമുണ്ടെന്നാണ് അദാനി ഗ്രൂപ്പിന്റെ കണക്ക്. നഷ്ടം സർക്കാർ വഹിക്കണമെന്നായിരുന്നു മുൻപ് സർക്കാരിന് നൽകിയ കത്തിലെ ആവശ്യം. ഒപ്പം നിർമാണം ഉടൻ തുടങ്ങാനായില്ലെങ്കിൽ സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കാനാകില്ലെന്നും അദാനി ഗ്രൂപ്പ് അറിയിച്ചിട്ടുണ്ട്.

വിഴിഞ്ഞം സമരത്തിനെതിരായ കൂട്ടായ്മയ്ക്ക് പിന്തുണയുമായി ബിജെപിയും സിപിഐഎമ്മും ഒരു വേദി പങ്കിട്ടിരുന്നു. തുറമുഖം വേണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുന്നിൽ നടന്ന മാർച്ചിന്റെ സമാപന വേദിയിൽ സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബിജെപി നേതാവ് വിവി രാജേഷും വേദി പങ്കിട്ടു. തുറമുഖ വിരുദ്ധ സമരത്തിന് എതിരായ സമരങ്ങൾക്ക് സിപിഐഎം പിന്തുണയെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു.

വിഴിഞ്ഞം വിരുദ്ധ സമരങ്ങൾക്കെതിരെ ജനങ്ങൾ അണിനിരക്കണമെന്ന് ആനാവൂർ നാഗപ്പൻ പറഞ്ഞു. വിഴിഞ്ഞത്ത് കലാപത്തിനാണ് സമരക്കാർ ശ്രമിക്കുന്നതെന്നും ആനാവൂർ നാഗപ്പൻ ആരോപിച്ചു. സർക്കാരും കോടതിയും ജനങ്ങളും സമരത്തിന് എതിരെയാണ്. ഇതിനാൽ കലാപത്തിന് ശ്രമം നടക്കുകയാണ്, ഇതിനെതിരെ സമാധാനപരമായ സമരം ആയിരിക്കണം നടക്കേണ്ടത്. അത്തരം സമരങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്ന് ആനാവൂർ പ്രതികരിച്ചു.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒരുമിച്ച് നടത്തുന്ന പദ്ധതിയാണ് ഇതെന്ന് വി വി രാജേഷ് പറഞ്ഞു. വിഴിഞ്ഞം സമരത്തിനെതിരായ കൂട്ടായ്മയ്ക്ക് പിന്തുണ നൽകുമെന്നും വി വി രാജേഷ് പറഞ്ഞു. സംയമനം പാലിച്ച് കൊണ്ട്, വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യം ആക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.