കോൺഗ്രസ് അധ്യക്ഷനാകാൻ തരൂരിന് യോഗ്യതയില്ല: രമേശ് ചെന്നിത്തല
ശശി തരൂരിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസ് അധ്യക്ഷനാകാൻ തരൂരിന് യോഗ്യതയില്ലെന്ന് ചെന്നിത്തല . പാർട്ടി സ്ഥാനങ്ങൾ വഹിച്ചുള്ള പ്രവർത്തന പരിചയം അദ്ദേഹത്തിന് ഇല്ല. മല്ലികാർജുൻ ഖർഗെയാണ് എന്തുകൊണ്ടും യോഗ്യനെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
ഖർഗെയെ പിന്തുണയ്ക്കാനുള്ള തീരുമാനം വ്യക്തിപരമാണ്. ആദ്യ ഘട്ടത്തിൽ മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്ര, തെലങ്കാന തുടങ്ങിയ നാല് സംസ്ഥാനങ്ങളിൽ അദ്ദേഹത്തിനായി പ്രചാരണം നടത്തും. ഇന്നത്തെ സാഹചര്യത്തിൽ ഖർഗെയ്ക്കാണ് അധ്യക്ഷനാകാൻ യോഗ്യത കൂടുതൽ. തരൂരിനെ തിരുവനന്തപുരം സ്ഥാനാർത്ഥിയായ തീരുമാനിക്കുമ്പോൾ താൻ കെപിസിസി അധ്യക്ഷനായിരുന്നു. ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവും.
തങ്ങളുടെ തീരുമാനപ്രകാരമാണ് തരൂരിനെ സ്ഥാനാർത്ഥിയായ നിശ്ചയിക്കുന്നത്. പിന്നീട് തങ്ങളുടെ തീരുമാനം ശരിയാണെന്ന് തെളിയുകയും ചെയ്തു. എന്നാൽ പാർട്ടി രംഗത്ത് പ്രവർത്തിച്ചുള്ള പരിചയം തരൂരിന് ഇല്ല. അധ്യക്ഷനാകാനുള്ള പ്രധാന യോഗ്യത പാർട്ടി രംഗത്തെ പ്രവർത്തന പരിചയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.