സോണിയ ഗാന്ധിക്കെതിരായ ഇ.ഡി നടപടി; വി ഡി സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്‌ത് നീക്കി
നാഷനൽ ഹെറൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ.ഡി ചോദ്യം ചെയ്യുന്ന നടപടിയിൽ രാജ്ഭവന് മുന്നിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ പ്രതിഷേധം നടത്തി. പ്രവർത്തകരെ മുഴുവൻ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. മുതിർന്ന നേതാക്കളായ വി ഡി സതീശൻ, രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ള നേതാക്കൾ രാജ്ഭവന് മുന്നിൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു തുടർന്ന് അവരെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി. കേന്ദ്ര സർക്കാർ രാഷ്ട്രീയമായി കോൺഗ്രസ് നേതാക്കളെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ചാണ് പ്രതിഷേധം. 100 ഓളം നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കി
അതേസമയം ഇഡിയുടെ വേട്ടയാടലിന് എതിരെയും വിലക്കയറ്റത്തിന് എതിരെയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡൽഹിയിലും നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. മാര്‍ച്ച് തടഞ്ഞ പൊലീസ് ബലംപ്രയോഗിച്ച് പ്രവര്‍ത്തകരെ നീക്കി. വിജയ്‌ചൗക്കില്‍ പ്രതിഷേധിച്ച എംപിമാരെയും കസ്റ്റഡിയിലെടുത്തു. വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കാന്‍ ശ്രമിച്ച എംപിമാരെ അകാരണമായി സസ്പെന്‍ഡ് ചെയ്യുകയാണെന്ന് കെ.സി.വേണുഗോപാല്‍ എംപി. രാഷ്ട്രപതിക്ക് നിവേദനം നല്‍കാന്‍ പോയപ്പോഴും എംപിമാരെ തടഞ്ഞു. സര്‍ക്കാര്‍ ചര്‍ച്ചകളെ ഭയക്കുകയാണെന്നും കെ.സി.വേണുഗോപാല്‍ ആരോപിച്ചു.