സാമൂഹിക ഉന്നമനത്തിന് കൃത്യമായ കാഴ്ചപ്പാട് വേണം: കാന്തപുരം
കോഴിക്കോട്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖലകളിൽ കൃത്യമായ ദിശാ ബോധമില്ലാതെ ഉന്നമനം സാധ്യമല്ലെന്ന് കേരള മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. കേരള മുസ്‌ലിം ജമാഅത്ത് വിഷൻ- 2021ന്റെ ഭാഗമായി നടന്ന നേതൃസംഗമം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ബഹുസ്വര സമൂഹത്തിലാണ് നാം ജീവിക്കുന്നത്. ഒരു സമൂഹത്തിന്റെ ക്രിയാത്മക വളർച്ച താരതമ്യേന മറ്റ് സമുദായങ്ങൾക്കും അതുവഴി രാജ്യത്തിന് തന്നെയും അളവറ്റ നേട്ടങ്ങളുണ്ടാക്കും. കൃത്യമായ കാഴ്ചപ്പാടുള്ള ഒരു ജനതക്കേ അവരുടെ ഭാവികാലം ചിട്ടപ്പെടുത്താനാകുകയുള്ളൂ. മുസ്‌ലിംകൾ അവരുടെ അസ്തിത്വ സംരക്ഷണത്തിന് വേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾ ആർക്കും ഒരു തരത്തിലുള്ള ഭീഷണിയും സൃഷ്ടിക്കില്ല. മത മൈത്രി കാത്തു രക്ഷിക്കാൻ മുസ്‌ലിം ജമാഅത്ത് പ്രതിജ്ഞാബദ്ധമാണ്. രാജ്യത്തിന്റെയും ന്യൂനപക്ഷങ്ങളുടെയും വിശാലമായ താത്പര്യങ്ങൾ നിശ്ചയമായും സംരക്ഷിക്കപ്പെടണമെന്നും കാന്തപുരം പറഞ്ഞു. സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി അധ്യക്ഷത വഹിച്ചു.