Sunday, April 13, 2025
Kerala

ആരാധനാലയങ്ങൾക്കുള്ള നിർമാണാനുമതി; സർക്കാർ തീരുമാനം സ്വാഗതാർഹം: കാന്തപുരം

കോഴിക്കോട്: ആരാധനാലയങ്ങൾ നിർമിക്കാനാനുമതി നൽകാനുള്ള അധികാരം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് നൽകിയ കേരള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ.

ആരാധനാലയ നിർമാണാനുമതി വർഷങ്ങളായി ജില്ലാ ഭരണകൂടത്തിന് കീഴിലായിരുന്നതിനാൽ നിയമപരമായ നൂലാമാലകൾ കാരണം നിരവധി സ്ഥലങ്ങളിൽ നിർമാണം പ്രതിസന്ധിയിലായിരുന്നു. ഏത് വിശ്വസികളുടെയും ജീവിതവുമായി വളരെ ആഴത്തിൽ ബന്ധമുള്ളതാണ് ആരാധനാലയങ്ങൾ.

സമൂഹം വികസിക്കുകയും കൂടുതൽ പ്രദേശങ്ങളിലേക്ക് ജനവാസം വരികയും ചെയ്യുന്നതോടെ ആനുപാതികമായി ആരാധനാലയങ്ങളും അനിവാര്യമാണ്. സങ്കീർണ്ണമായിരുന്ന നിയമങ്ങൾ കാരണം മതപരമായ അനുഷ്ഠാനകർമങ്ങൾക്ക് വിദൂരസ്ഥലങ്ങളിലേക്കു പോകേണ്ട അവസ്ഥയിലായിരുന്നു പല പ്രദേശങ്ങളിമുണ്ടായിരുന്നത്. ആരാധനാലയ നിർമാണാനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കീഴിൽ വരുന്നതോടെ വേഗത്തിൽ ഇതുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയാക്കാൻ കഴിയും.

സമൂഹത്തെ മൊത്തത്തിൽ ബാധിക്കുന്ന ഈ വിഷയത്തിൽ ഉചിതമായ നടപടി വേണമെന്ന് നിരന്തരം സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞദിവസം ഓൺലൈൻ വഴി മുഖ്യമന്ത്രി നടത്തിയ മതസംഘടനാ നേതാക്കളുമായുള്ള ചർച്ചയിലും പ്രധാനമായി ഇക്കാര്യം ഉന്നയിച്ചിരുന്നു. ഈ വിഷയത്തിന്റെ ഗൗരവം മനസ്സിലാക്കി പരിഹാരമുണ്ടാക്കിയ മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സർക്കാറിന്റെ നടപടി പ്രശംസനീയമാണെന്ന് കാന്തപുരം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *