കൃത്യമായ കരുതലോടെ വേണം ഓണത്തെ വരവേൽക്കാൻ ;മുഖ്യമന്ത്രി
കോവിഡ് സാഹചര്യത്തിൽ അസാധാരണംവിധം മ്‌ളാനമായ അന്തരീക്ഷത്തെ മുറിച്ചുകടക്കാൻ നമുക്ക് കഴിയുക തന്നെ ചെയ്യും എന്ന് പ്രത്യാശ പുലർത്തികൊണ്ടാവണം ഇത്തവണത്തെ ഓണാഘോഷമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് വ്യവസ്ഥകൾ പാലിച്ചുകൊണ്ട് പരിമിതികൾക്കുള്ളിൽ നിന്ന് നമുക്ക് ഓണം ആഘോഷിക്കാം.
ഓണം വലിയൊരു പ്രതീക്ഷയും പ്രത്യാശയുമാണ്. ഏത് പ്രതികൂല സാഹചര്യത്തിലും അപ്പുറത്ത് അനുകൂലമായ പ്രകാശപൂർണമായ ഒരു കാലമുണ്ട് എന്ന പ്രതീക്ഷ. മാനുഷരെല്ലാരും ഒന്നുപോലെ കഴിഞ്ഞിരുന്ന ഒരു കാലം പണ്ട് ഉണ്ടായിരുന്നെന്ന് ആ സങ്കല്പം പറഞ്ഞുതരും. എല്ലാ മനുഷ്യരും ഒരുമയിൽ സമത്വത്തിൽ, സ്‌നേഹത്തിൽ, സമൃദ്ധിയിൽ കഴിയുന്ന ഒരു കാലം ഉണ്ടാവണമെന്ന് ആഗ്രഹിച്ച അതിനായി യ്തനിക്കുന്ന ആർക്കും അളവിൽ കവിഞ്ഞ പ്രചോദനം പകർന്നുതരുന്നതാണ് ആ സങ്കൽപ്പം.
ഓണമുണ്ണുന്നതും ഒത്തുകൂടുന്നതും മലയാളികളുടെ ജീവിതത്തിൽ ഏറ്റവും ആഹ്ലാദകരമായ അനുഭവമാണ്. ഓണത്തിൽ കുടുംബത്തിലേക്ക് ഓടിയെത്തുന്നതാണ് മലയാളിയുടെ ശീലം. ഈ വർഷം യാത്രകൾ നിയന്ത്രിക്കപ്പെട്ടിരിക്കുന്നത് ഓരോരുത്തർക്കും പ്രയാസമുണ്ടാക്കുന്ന അനുഭവമാണ്. കോവിഡ് സൃഷ്ടിച്ച പരിമിതികൾക്കും പ്രയാസങ്ങൾക്കും ഇടയിൽ ഓണത്തിന് സാധ്യമായ സഹായങ്ങൾ എത്തിക്കാനും ആനുകൂല്യങ്ങൾ നൽകാനും സർക്കാരിന് കഴിഞ്ഞിട്ടുണ്ട്.
എല്ലാവിധ വേർതിരിവുകളും അതീതമായി സന്തോഷത്തോടെ എല്ലാമനുഷ്യരും കഴിയുന്ന ഒരു നല്ല കാലത്തിന്റെ പിറവിക്കായി എന്നും പ്രചോദനമാവട്ടെ ഓണം.
എല്ലാ മലയാളികൾക്കും ഓണാശംസകൾ നേരുന്നതായും അദ്ദേഹം പറഞ്ഞു. കൃത്യമായി കരുതലോടെ വേണം ഓണത്തെ വരവേൽക്കാൻ. കോവിഡ് വ്യാപനമുണ്ടാകാൻ ഇടനൽകുന്ന കാര്യങ്ങൾ ഉണ്ടാകാതെ നോക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.