Tuesday, April 15, 2025
Kerala

ഗൂണ്ടാ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ തിരുവനന്തപുരം നഗരത്തില്‍ റെയ്ഡ്; നാടന്‍ ബോംബുകളും കണ്ടെടുത്തു, 11 പേര്‍ പിടിയില്‍

തിരുവനന്തപുരം; ജില്ലയില്‍ ഗൂണ്ടാപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പൊലീസ് റെയ്ഡ് നടത്തി. ഗൂണ്ടാ നിയമപ്രകാരം മുന്‍പ് കേസെടുത്തിട്ടുള്ള പ്രതികളുടെ വീടുകള്‍ കേന്ദ്രീകരിച്ചും, കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന അക്രമകേസുകളില്‍ ഉള്‍പ്പെട്ട പ്രതികളേ കണ്ടെത്തുന്നതിനായുമാണ് റെയ്ഡ് നടത്തിയത്. സിറ്റി പൊലീസ് നടത്തിയ റെയ്ഡില്‍ 11 പേരെ അറസ്റ്റു ചെയ്തതായും നാടന്‍ ബോബ് കണ്ടെടുത്തതായും കമ്മീഷണര്‍ അറിയിച്ചു

ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കരിമഠം കോളനിയില്‍ പൊലീസിനെ ആക്രമിക്കുകയും ബോംബ് എറിഞ്ഞു ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കുകയും ചെയ്ത കേസിലെ പ്രതികളായ ഒന്‍പതു പേരും പിടിയിലായി. കരിമഠം കോളനി സ്വദേശികളായ അന്‍ഷാദ്(27), ദില്‍ഷാദ് (23), മനോജ് (29), അനോജ് (28), സജി (25), അക്ബര്‍ (18), നിഷാന്ത് (30), ബിജുലുദീന്‍ ( 24), സെയ്താലി (21), എന്നിവരെയാണ് ഫോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്.

മെഡിക്കല്‍കോളജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കേശവദാസപുരം മോസ്‌ക് ലെയിനില്‍ ബോംബ് നിര്‍മാണത്തിനിടെ സ്‌ഫോടനം ഉണ്ടായ സംഭവത്തില്‍ പ്രതികളായ രണ്ടു പേരെയും പിടികൂടി. ഉള്ളൂര്‍ പാറോട്ടുകോണം ലക്ഷം വീട് കോളനിയില്‍ അവശു രതീഷ് എന്ന് വിളിക്കുന്ന രതീഷ് (35) നെയാണ് ഇന്നലെ പിടികൂടിയത്. ശാന്തിപുരം കല്ലികോട് വീട്ടില്‍ ശബരി എന്ന് വിളിക്കുന്ന സ്റ്റീഫനനെ (29) ഈ കേസില്‍ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മെഡിക്കല്‍കോളജ് എസ്എച്ച്ഓ ഹരിലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

നിരവധി കേസുകളിലെ പ്രതിയും കുപ്രസിദ്ധ ഗുണ്ടയുമായ പനങ്ങ രാജേഷിന്റെ പാറോട്ടു കോണത്തെ വീട്ടില്‍ നിന്നാണ് നാടന്‍ ബോംബ് കണ്ടെടുത്തത്. കഴിഞ്ഞ 29നു മണ്ണന്തല സ്റ്റേഷന്‍ പരിധിയില്‍ ഒരു സ്ത്രീയെ ഭീഷണിപ്പെടുത്തി ദേഹോപദ്രവം ഏല്‍പ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതിയാണ് രാജേഷ്. പൊലീസ് എത്തുമ്പോള്‍ ഇയാള്‍ വീട്ടിലില്ലായിരുന്നു. തുടര്‍ന്നു അവിടെ നടത്തിയ പരിശോധനയിലാണ് ബോംബ് കണ്ടെത്തിയത്. ബോംബ് സ്‌ക്വാഡ് എത്തി ബോംബ് നിര്‍വീര്യമാക്കി. വരും ദിവസങ്ങളിലും നഗരത്തില്‍ ഗുണ്ടാ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിലുള്ള ശക്തമായ നടപടികള്‍ തുടരുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *