വയനാട്ടിൽ ഓണത്തിന് വിഷരഹിത നാടന്‍ പച്ചക്കറികള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പും അനുബന്ധ സ്ഥാപനങ്ങളും ജില്ലയില്‍ 50 ഓണ ചന്തകള്‍ തുറക്കും
വയനാട്ടിൽ ഓണത്തിന് വിഷരഹിത നാടന്‍ പച്ചക്കറികള്‍ ന്യായ വിലയ്ക്ക് ലഭ്യമാക്കുന്നതിന് കൃഷി വകുപ്പും അനുബന്ധ സ്ഥാപനങ്ങളും ജില്ലയില്‍ 50 ഓണ ചന്തകള്‍ തുറക്കും. കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ 37 ചന്തകളും വി.എഫ്.പി.സി.കെ യുടെ നേതൃത്വത്തില്‍ 5 ചന്തകളും ഹോര്‍ട്ടികോര്‍പ്പിന്റെ നേതൃത്വത്തില്‍ 8 ചന്തകളും ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലുമായി പ്രവര്‍ത്തിക്കും. വിപണി സംഭരണ വിലയെക്കാള്‍ പത്ത് ശതമാനം അധിക തുക നല്‍കി കര്‍ഷകരില്‍ നിന്നു പച്ചക്കറികള്‍ സംഭരിച്ച് വിപണി വിലയേക്കാള്‍ മുപ്പത് ശതമാനം വിലക്കുറവില്‍ വിപണനം ചെയ്യും. ജൈവ രീതിയില്‍ ഉല്‍പ്പാദിപ്പിച്ച കാര്‍ഷിക വിളകള്‍ക്ക് ഇരുപത് ശതമാനം അധിക വില നല്‍കി സ്വീകരിക്കും. നാടന്‍ പച്ചക്കറികള്‍, ഏത്തക്കുല, ചേന, ഇഞ്ചി എന്നിവ ജില്ലയിലെ കര്‍ഷകരില്‍ നിന്നും വാങ്ങും. ശീതകാല പച്ചക്കറികള്‍, സവാള, ഉരുളക്കിഴങ്ങ് എന്നിവ മറ്റ് ജില്ലകളില്‍ നിന്ന് ഹോര്‍ട്ടികോര്‍പ്പ് മുഖാന്തിരം വാങ്ങി വില്‍പ്പനയ്ക്ക് എത്തിക്കും. ഓഗസ്റ്റ് 27 മുതല്‍ 30 വരെ എല്ലാ പഞ്ചായത്തുകളിലും ഇവ പ്രവര്‍ത്തിക്കും.