Monday, January 6, 2025
World

യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കള്ളവോട്ട്; ഇന്ത്യക്കാരന് ശിക്ഷ ലഭിക്കുക ഒരു വര്‍ഷം തടവും 100,000 ഡോളര്‍ പിഴയും

ന്യൂയോര്‍ക്ക്: 2016 യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിയമവിരുദ്ധമായി വോട്ട് ചെയ്ത ഇന്ത്യക്കാരന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി യു.എസ് കോടതി. അമേരിക്കന്‍ പൗരനാണെന്ന് തെറ്റിദ്ധരിപ്പിച്ച് വോട്ട് ചെയ്ത ബൈജു പൊറ്റക്കുളത്ത് തോമസിനെയാണ് നോര്‍ത്ത് കരോലിന ജില്ലാ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

ബൈജുവിനും മറ്റു 11 വിദേശപൗരന്മാര്‍ക്കുമെതിരെ കഴിഞ്ഞ മാസമാണ് നോര്‍ത്ത് കരോലിനയില്‍ കേസെടുത്തത്. കേസില്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ ഒരു വര്‍ഷം തടവും 100,000 യു.എസ് ഡോളര്‍ വരെ പിഴയുമാണ് ഇവര്‍ക്കെതിരെ ചുമത്തുകയെന്ന് യു.എസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വസ്റ്റിഗേഷന്‍ ഓഫീസര്‍ അറിയിച്ചു.

ഇന്ത്യന്‍ വംശജനായ മലേഷ്യയില്‍ നിന്നുള്ള റൂബ് കൗര്‍ അതര്‍-സിംഗ് ശിക്ഷിക്കപ്പെട്ടാല്‍ 350,000 യു.എസ് ഡോളര്‍ പിഴയും ആറ് വര്‍ഷത്തോളം തടവുമായിരിക്കും ചുമത്തപ്പെടുകയെന്നും അധികൃതര്‍ അറിയിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി ഫെഡറല്‍ അന്വേഷണ ഏജന്‍സികളുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി അന്വേഷണം നടന്നുവരുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഈ ക്രമക്കേട് നടത്തിയവരെ പിടികൂടാനായതെന്നും അധികൃതര്‍ അറിയിച്ചു.

യു.എസ് നിയമപ്രകാരം യു.എസ് പൗരത്വം ഇല്ലാത്തവര്‍ക്ക് വോട്ട് ചെയ്യാനോ വോട്ട് ചെയ്യാന്‍ രജിസ്റ്റര്‍ ചെയ്യാനോ സാധിക്കില്ല. ഈ നിയമം ലംഘിച്ചുക്കൊണ്ട് വോട്ട് ചെയ്യുകയോ അതിനായി രജിസ്ഷ്രേന്‍ നടത്തുകയോ ചെയ്യുന്നവര്‍ക്ക് പിഴയും തടവുമടക്കമുള്ള ശിക്ഷകളാണ് ലഭിക്കുക.

Leave a Reply

Your email address will not be published. Required fields are marked *