മധു കേസില്‍ ഇടത് സര്‍ക്കാരിന്റെ ദളിത് വിരുദ്ധമുഖം വ്യക്തമായി: കെ.സുരേന്ദ്രന്‍
അട്ടപ്പാടിയിലെ മധുവിനെ ക്രൂരമായി കൊല ചെയ്ത കേസ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണെന്നും ഇതിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ ദളിത് വിരുദ്ധമുഖം വ്യക്തമായതായും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്താണ് കേസിലെ സാക്ഷികളെ കൂറുമാറ്റുന്നത്. നേരത്തെ കേസിലെ പ്രതിക്ക് സിപിഐഎം പാര്‍ട്ടി ചുമതല നല്‍കി മലയാളികളെ മുഴുവന്‍ വെല്ലുവിളിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ച തന്നെയാണ് കേസ് അട്ടിമറിയില്‍ എത്തി നില്‍ക്കുന്നത്. കേരളത്തിലെ ആദിവാസി വിഭാഗം സംഘടിത വോട്ട്ബാങ്ക് അല്ലാത്തതു കൊണ്ടാണ് പിണറായി സര്‍ക്കാര്‍ മധുവിന് നീതിനിഷേധിക്കുന്നത്. സംഘടിത മതവിഭാഗത്തിന് സംസ്ഥാനത്ത് എന്തുമാവാം എന്നത് ആലപ്പുഴ കളക്ടറെ മാറ്റിയതോടെ കേരളത്തിന് മനസിലായെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
വാളായറിന് സമാനമായ രീതിയിലാണ് മധു കേസും സര്‍ക്കാര്‍ അട്ടിമറിക്കുന്നത്. അവഗണിക്കപ്പെടുന്ന ജനവിഭാഗത്തിന് നീതി ലഭിക്കാതിരിക്കാന്‍ ആസൂത്രിതമായ ഗൂഢാലോചനയാണ് സിപിഐഎം നടത്തുന്നത്. മധുവധ കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെ എന്തുവില കൊടുത്തും ബിജെപി പ്രതിരോധിക്കും. ഈ വിഷയം ബിജെപി പ്രതിനിധി സംഘം കേന്ദ്ര പട്ടികവര്‍ഗ വകുപ്പ് മന്ത്രി അര്‍ജുന്‍ മുണ്ടെയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. കേന്ദ്രപട്ടികവര്‍ഗ വകുപ്പിന്റെ ഇടപെടല്‍ ഉണ്ടാകുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്. ശക്തമായ പ്രതിഷേധ പരിപാടികള്‍ക്ക് ബിജെപി നേതൃത്വം നല്‍കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.