മുകേഷിനെ വിളിച്ചത് ബാലസംഘം പ്രവർത്തകനായ വിദ്യാർഥി: എംഎല്‍എ വഴക്കുപറഞ്ഞതില്‍ കുഴപ്പമില്ലെന്നും വിഷ്ണു
കൊല്ലം എംഎൽഎ മുകേഷിനെ ഫോണിൽ വിളിച്ച വിദ്യാർഥിയെ തിരിച്ചറിഞ്ഞു. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശി വിഷ്ണുവെന്ന പത്താം ക്ലാസുകാരനാണ് മുകേഷിനെ വിളിച്ചത്. ബാലസംഘം പ്രവർത്തകനാണ് വിഷ്ണു. കുട്ടിയുടെ കുടുംബം സിപിഎം അനുഭാവികളുമാണ്
കൂട്ടുകാരന് മൊബൈൽ തേടിയാണ് വിളിച്ചത്. സിനിമാ നടനെ വിളിക്കുകയല്ലേ എന്റെ കാര്യം നടക്കുമെന്നാണ് കരുതിയത്. ആറ് തവണ വിളിച്ചു. ആറ് തവണ വിളിച്ചതിനാലാകും ദേഷ്യപ്പെട്ടത്. സാർ എല്ലാവർക്കും ഫോൺ കൊടുക്കുന്നുണ്ടെന്ന് അറിഞ്ഞിരുന്നു. അതാണ് വിളിക്കാൻ കാരണം.
ഫോണില്ലാത്ത കുട്ടികൾ പഠിക്കാൻ കഷ്ടപ്പെടുന്നതു കണ്ട് വിഷമം തോന്നിയിരുന്നു. എനിക്ക് ഫോൺ വാങ്ങി തരാൻ അമ്മ ബുദ്ധിമുട്ടിയത് കണ്ടിരുന്നു. അതാണ് മറ്റ് കുട്ടികൾക്ക് വേണ്ടി മുകേഷിനെ വിളിച്ചത്. അദ്ദേഹം വഴക്കുപറഞ്ഞതിൽ കുഴപ്പമില്ലെന്നും വിഷ്ണു പറഞ്ഞു
നേരത്തെ പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ വിഷ്ണുവിന്റെ വീട്ടിലെത്തിയിരുന്നു. ഇതിന് പിന്നാലെ കുട്ടിയെ സിപിഎം ഓഫീസിലേക്ക് നേതാക്കൾ മാറ്റുകയായിരുന്നു. ഇവിടെ വെച്ചാണ് കുട്ടി മാധ്യമങ്ങളെ കണ്ടത്.