വിസ്മയ അവസാനം വിളിച്ചത് ഞായറാഴ്ച, 5500 രൂപ ചോദിച്ചു; നാട്ടുകാർ അതുമിതും പറയുമെന്ന് മകൾ പേടിച്ചെന്നും അമ്മ
കൊല്ലം: ശൂരനാട് ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിസ്മയ, സ്വന്തം അമ്മയെ അവസാനമായി വിളിച്ചത് ഞായറാഴ്ച ഉച്ചയ്ക്ക്. ഏഷ്യാനെറ്റ് ന്യൂസിനോട് അമ്മ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. പരീക്ഷാ ഫീസ് അടയ്ക്കാനായി 5500 രൂപ ചോദിച്ചാണ് വിസ്മയ വിളിച്ചതെന്നും കിരൺ പൈസ കൊടുക്കില്ലെന്നത് കൊണ്ടായിരുന്നു ഇതെന്നും അമ്മ പറഞ്ഞു.
‘രണ്ട് മൂന്ന് മാസമായി വീട്ടിലെ പ്രശ്നങ്ങൾ മകൾ പറയാറില്ലായിരുന്നു. മൂന്ന് മാസമായി അച്ഛനെയും മകനെയും ബ്ലോക്ക് ചെയ്തിരിക്കുകയായിരുന്നു. കിരൺ പറഞ്ഞിട്ടായിരുന്നു ഇത്. അമ്മയെ എങ്കിലും ഒന്ന് വിളിച്ചോട്ടെയെന്ന് പറഞ്ഞാണ് തന്റെ നമ്പർ മാത്രം ബ്ലോക്ക് ചെയ്യാതിരുന്നത്. ബാത്ത്റൂമിലും മറ്റും പോയി ഒളിച്ചാണ് മോള് തന്നെ വിളിച്ചിരുന്നത്. കിരൺ എങ്ങിനെയെങ്കിലും ജോലിക്ക് ഇറങ്ങി പോയാൽ നിങ്ങളെയെങ്കിലും വിളിച്ച് സംസാരിക്കാലോ എന്ന് അവൾ പറയുമായിരുന്നു.’
‘എന്തൊക്കെ സംഭവിച്ചാലും കിരണിന്റെ വീട്ടുകാർ ഒന്നും ശ്രദ്ധിക്കാറില്ല. കിരണിന്റെ അച്ഛനും അമ്മയും പ്രശ്നങ്ങളിൽ ഇടപെടാറില്ല. കിരണിന്റെ അമ്മ എപ്പോഴും മകനെയാണ് പിന്തുണച്ചത്. വഴക്ക് ഉണ്ടായി മകൾ ഉറക്കെ കരഞ്ഞാൽ എന്തെങ്കിലും പറയും. അമ്മ കിരൺ പറയുന്നതിന് അപ്പുറത്തേക്ക് പോകില്ല. ഒരു ദിവസം കിരൺ ചെള്ളയിലടിച്ച് വായക്ക് അകത്ത് മുറിഞ്ഞു. ഇങ്ങിനെ സഹിക്കേണ്ടെന്നും വീട്ടിലേക്ക് തിരികെ വരാനും ഞാൻ പറഞ്ഞു. അപ്പോൾ നാട്ടുകാർ അതുമിതും പറയത്തില്ലേ എങ്ങിനെയെങ്കിലും പിടിച്ചു നിൽക്കാമെന്നാണ് മകൾ പറഞ്ഞത്. അത് നടന്നിട്ട് കുറച്ച് നാളായി.
പ്രശ്നങ്ങൾ ഉണ്ടായിരുന്നപ്പോൾ തന്നെ സന്തോഷത്തോടെയാണ് ജീവിക്കുന്നതെന്ന് പുറത്തേക്ക് എല്ലാവരെയും കാണിക്കാനാണ് വിവാഹ വാർഷികമൊക്കെ ആഘോഷിച്ച് ഫോട്ടോസ് ഒക്കെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതെന്നും വിസ്മയയുടെ അമ്മ ആരോപിച്ചു.