Tuesday, January 7, 2025
Kerala

ബ്രഹ്മപുരം തീപിടിത്തം; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം, സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ വീടുകളിൽ തന്നെ കഴിയണമെന്ന് ജില്ലാ കളക്ടർ

ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യപ്രശ്‌നങ്ങൾ ഉൾപ്പടെ ചർച്ച ചെയ്യാൻ ആരോഗ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം വിളിച്ച് മന്ത്രി വീണ ജോർജ്. മന്ത്രി പി രാജീവും എംഎൽഎമാരും ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. മറ്റ് മന്ത്രിമാർ ഓൺലൈൻ വഴിയാണ് യോഗത്തിൽ പങ്കെടുക്കുന്നത്. പുക മൂലം പരിസരവാസികൾക്കുൾപ്പടെ ഉണ്ടായിട്ടുള്ള ആരോഗ്യപ്രശ്‌നങ്ങൾ കണക്കിലെടുത്താണ് അടിയന്തരയോഗം ചേരുന്നത്.

അത്യാവശ്യമുള്ളപ്പോൾ പുറത്തിറങ്ങിയാൽ മതിയെന്ന് ജില്ലാ കളക്ടർ രേണു രാജ് അറിയിച്ചു. ശ്വാസകോശ രോഗമുള്ളവർ വീടിനുള്ളിൽ കഴിയണമെന്ന് ആരോഗ്യവിദഗ്ദ്ധർ അറിയിച്ചു. ആസ്മ ബാധിതർ പ്രത്യേക ജാഗ്രത പുലർത്തണമെന്ന് നിർദേശം. പ്രഭാത നടത്തം ഒഴിവാക്കണം.

ശരിയായ രീതിയിൽ മാസ്ക് ധരിക്കണം. കടുത്ത അസ്വസ്തത അനുഭവിക്കുന്നവർ വൈദ്യസഹായം തേടണം. മേഖലയിലെ കടകൾ അടച്ചിടണം. പ്രദേശത്ത് കൂടുതൽ ഓക്സിജൻ കിയോസ്‌കുകൾ സജ്ജമാക്കുമെന്നും അടിയന്തര സാഹചര്യത്തെ നേരിടാൻ ആശുപത്രികൾ തയ്യാറാണെന്നും രേണുരാജ് വ്യക്തമാക്കി.

അതേസമയം പത്തോളം അഗ്നിരക്ഷാ സേനകൾ ബ്രഹ്മപുരത്തെ തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. 80 ശതമാനത്തോളം തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിരക്ഷാ സേന ഉദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *