കോഴിക്കോട് ഡോക്ടറെ മര്‍ദിച്ച സംഭവം അപലപനീയം: മന്ത്രി വീണാ ജോര്‍ജ്
കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ മര്‍ദിച്ച സംഭവം അപലപനീയമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന ആക്രമണങ്ങള്‍ ഒരുതരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം ചികിത്സ വൈകിയെന്നാരോപിച്ച് ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസ്.കോഴിക്കോട് നടക്കാവ് പോലീസ് ആണ് കേസ് എടുത്തത്. ഫാത്തിമ ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റ് പി.കെ.അശോകനാണ് ഇന്നലെ മര്‍ദനമേറ്റത്.സി.ടി.സ്‌കാന്‍ റിപ്പോര്‍ട്ട് ലഭിക്കാന്‍ വൈകിയെന്നാരോപിച്ചായിരുന്നു മര്‍ദനം. സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്ന് ഐഎംഎ അറിയിച്ചിരുന്നു.
കുന്നമംഗലം സ്വദേശിയായ ഗര്‍ഭിണി പത്ത് ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇത്ര ദിവസമായിട്ടും കൃത്യമായ ചികിത്സ ഉറപ്പ് വരുത്തിയില്ലെന്നായിരുന്നു ബന്ധുക്കളുടെ ആരോപണം. പ്രസവത്തിന് മുന്‍പ് തന്നെ കുഞ്ഞ് മരിച്ചിരുന്നു. കുഞ്ഞ് മരിച്ചിട്ടും യുവതിയ്ക്ക് കൃത്യമായ ചികിത്സ നല്‍കിയില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സി ടി സ്‌കാന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വൈകിയത് ആശുപത്രിയുടെ ഭാഗത്ത് നിന്നുണ്ടായ ഗുരുതരമായ പിഴവാണെന്നാണ് യുവതിയുടെ ബന്ധുക്കളുടെ വാദം.
ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നിരന്തരം ആക്രമണങ്ങള്‍ നടക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഐഎംഎയുടെ നിലപാട്. കര്‍ശന നടപടിയുണ്ടായില്ലെങ്കില്‍ പ്രത്യക്ഷ സമരത്തിലേക്ക് നീങ്ങുമെന്നും ഐഎംഎ അറിയിച്ചു. ആശുപത്രി കൗണ്ടറിന്റെ ചില്ലും ചെടിച്ചട്ടികളും രോഗിയുടെ കൂട്ടിരിപ്പുകാര്‍ അടിച്ചു തകര്‍ത്തിരുന്നു. പ്രസവത്തിനിടെ കുഞ്ഞ് മരിച്ചിട്ടും ചികിത്സ വൈകിപ്പിച്ചതാണ് പ്രകോപനത്തിന് കാരണമെന്ന് രോഗിയുടെ ബന്ധുക്കള്‍ പറയുന്നു.