കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു
കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിന്റെ ആദ്യ ഗഡു വിതരണം ചെയ്തു. ശമ്പളത്തിന്റെ 50 ശതമാനമാണ് വിതരണം ചെയ്തത്. ഇന്ന് രാവിലെയോടെയാണ് ജീവനക്കാരുടെ അക്കൗണ്ടിൽ പണം ലഭിച്ചത്. രാത്രിയിലാണ് ശമ്പള വിതരണ നടപടികൾ പൂർത്തിയാക്കിയത്.
താൽക്കാലിക ആശ്വാസമായാണ് ആദ്യ ഗഡു വിതരണം ചെയ്തത്. അഞ്ചാം തീയതി ശമ്പളം ലഭിക്കുമോ എന്ന ആശങ്കയിലായിരുന്നു ജീവനക്കാർ. ഇന്നലെ രാത്രി വരെ ശമ്പളം നൽകുന്ന കാര്യം പ്രതിസന്ധിയിലായിരുന്നു. രാത്രിയോടെ കെ.എസ്.ആർ.ടി.സിക്കുള്ള ജനുവരിയിലെ സർക്കാർ വിഹിതമായ 50 കോടിയിൽനിന്ന് 30 കോടി അനുവദിച്ചതിനെ തുടർന്നാണ് ശമ്പളം നൽകാനായത്.
ആദ്യ ഗഡുവായി 60-70 ശതമാനം തുക നൽകാനാവുമെന്ന പ്രതീക്ഷയിലായിരുന്നു മാനേജ്‌മെന്റ്. എന്നാൽ സർക്കാർ വിഹിതം പൂർണമായും കിട്ടാത്തതിനെ തുടർന്നാണ് 50 ശതമാനം നൽകാൻ തീരുമാനിച്ചത്.