കൊച്ചി ഗവൺമെന്റ് മോഡൽ എഞ്ചിനീയറിങ് കോളജ് നടത്തിയ മിനിമാരത്തോണിന് സമാപനം
കൊച്ചി ഗവൺമെന്റ് മോഡൽ എഞ്ചിനീയറിങ് കോളജ് നടത്തിയ മിനിമാരത്തോൺ ‘ഹെഡ് സ്റ്റാർട്ടിന്’ സമാപനം. ഇന്ന് ദർബാർ ഹാൾ ഗ്രൗണ്ടിലായിരുന്നു മിനി മാരത്തൺ സംഘടിപ്പിച്ചത്. മാനസികാരോഗ്യത്തെക്കുറിച്ചുള്ള ബോധവൽക്കരണമായിരുന്നു മാരത്തോണിന്റെ ലക്ഷ്യം.
കൊച്ചി ഗവൺമെന്റ് മോഡൽ എഞ്ചിനീയറിങ് കോളജിന്റെ വാർഷിക ടെക്‌നോ മാനേജീരിയൽ ഫെസ്റ്റായ എക്‌സൽ-22 നടത്തിയ മിനിമാരത്തോണാണ് ‘ഹെഡ് സ്റ്റാർട്ട്’. ശാരീരികവും മാനസികവുമായ ആരോഗ്യം സംരക്ഷിക്കേണ്ടതിന്റെയും, വെല്ലുവിളികളെ നേരിടുന്നതിനുള്ള കോപ്പിംഗ് മെക്കാനിസങ്ങൾ വികസിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം എക്‌സൽ’22 വിജയകരമായി പ്രചരിപ്പിച്ചു. 10 കിലോമീറ്റർ മാരത്തണിന് ശേഷം മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ, വർധിച്ച് വരുന്ന മാനസിക രോഗങ്ങളെക്കുറിച്ചുള്ള സംവാദം, സിഗ്മ സറൗണ്ടിങ് തെറാപ്പി തുടങ്ങിയവയും നടത്തി. രജിസ്റ്റർ ചെയ്ത എല്ലാ പങ്കാളികൾക്കും ജിം അംഗത്വത്തിൽ കിഴിവുകളും സൗജന്യ തെറാപ്പി സെഷനും നൽകി.
ചടങ്ങിൽ എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ സി ജയകുമാർ, യുകെ എക്‌സ്പ്രസ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടർ ടാലന്റ് കൊറേയ എന്നിവർ പങ്കെടുത്തു.