തറക്കല്ലിട്ടിട്ട് 9 വർഷം; പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജ് കെട്ടിടനിർമ്മാണം ഇനിയും പൂർത്തിയായില്ല
തറക്കല്ലിട്ട് ഒൻപത് വർഷമായിട്ടും പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളജ് കെട്ടിടനിർമ്മാണം ഇനിയും പൂർത്തിയായില്ല. ജനുവരി ഒന്നിന് കിടത്തിചികിത്സ തുടങ്ങാനാകുന്ന വിധത്തിൽ നിർമ്മാണം പൂർത്തിയാക്കാൻ കരാറുകാർക്ക് നിർദേശം നൽകിയിരുന്നെങ്കിലും ഇത് നടപ്പാകുമെന്ന പ്രതീക്ഷ മെഡിക്കൽ കോളേജ് അതികൃതർക്ക് പോലുമില്ല.പാലക്കാട് സൗകര്യങ്ങളില്ലാത്തതിനാൽ സാധാരണക്കാരായ ആയിരക്കണക്കിന് രോഗികളാണ് തൃശൂർ ഉൾപ്പെടെയുളള മറ്റ് മെഡിക്കൽ കോളേജുകളെ ആശ്രയിക്കുന്നത്.
2014ലാണ് പാലക്കാട് ഗവൺമെന്റ് മെഡിക്കൽ കോളേജ് പ്രവർത്തനം തുടങ്ങിയത്.2018 ഫെബ്രുവരി 28നകം കെട്ടിടനിർമ്മാണം പൂർത്തീകരിക്കണമെന്നായിരുന്നു കരാർ.എന്നാൽ വർഷങ്ങൾ പലത് കഴിഞ്ഞിട്ടും വാഗ്ദാനങ്ങൾ പലകോണുകളിൽ നിന്ന് കേട്ടതല്ലാതെ, മെഡിക്കൽ കോളേജിൽ കിടത്തി ചികിത്സയെന്ന സാധാരണക്കാന്റെ ആവശ്യം മാത്രം നടപ്പാക്കപ്പെട്ടില്ല.അവസാനഘട്ട പ്രവർത്തികളേ പൂർത്തീകരിക്കാനുളളുവെന്ന് കേൾക്കാൻ തുടങ്ങിയിട്ട് തന്നെ മാസങ്ങളായി.ജനുവരി ആദ്യവും കിടത്തിചികിത്സ യാഥാർത്ഥ്യമാകാൻ സാധ്യതയില്ലെന്നാണ് ഇപ്പോഴത്തെ നിർമ്മാണപ്രവർത്തികൾ കാണുമ്പോൾ വ്യക്തമാകുന്നത്
‘മെഡിക്കൽ കോളജിനോടുള്ള അവഗണന മാറ്റി പ്രശ്‌നങ്ങൾ പരിഹരിക്കണം. മെഡിക്കൽ കോളജിന് വേണ്ടി പട്ടിക ജാതി വികസന ഫണ്ട് നൽകാത്തതാണ് കാരണം’- ഡിസിസി പ്രസിഡന്റ് എ തങ്കപ്പൻ പറഞ്ഞു.
ജനുവരി ഒന്നിന് കിടത്തി ചികിത്സ തുടങ്ങാനാകുന്ന വിധത്തിൽ കെട്ടിടസൗകര്യങ്ങളൊരുക്കണമെന്ന് പൊതുമരാമത്ത് അധികൃതർക്ക് പട്ടികജാതി വികസനവകുപ്പ് നിർദേശം നൽകിയിരുന്നു.എന്നാൽ വൈകാതെ പണി പൂർത്തിയാകുമെന്നും പ്രവർത്തികൾ വിലയിരുത്താൻ യോഗം വിളിച്ച് ചേർത്തിട്ടുണ്ടെന്നുമാണ് മെഡിക്കൽ കോളേജ് അതികൃതർ പറയുന്നത്.