വ്യാജ ബിരുദ സർട്ടിഫിക്കറ്റ്; സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി
തിരുവനന്തപുരം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് കേസിൽ സ്വപ്ന സുരേഷിന്റെ അറസ്റ്റ് രേഖപ്പെടുത്തി. കാക്കനാട് ജയിൽ എത്തിയാണ് കന്റോൻമെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്‌പെയ്‌സ് പാർക്കിലെ ജോലിക്കായി വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയ കേസിലാണ് അറസ്റ്റ്.ഐടി വകുപ്പിന് കീഴിലെ സ്‌പെയ്‌സ് പാർക്കിൽ ഓപറേഷൻ മാനേജറായി ജോലി നേടാൻ സ്വർണ കള്ള കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകിയ കേസിലാണ് തിരുവനന്തപുരം കന്റോൻമെന്റ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കാക്കനാട് ജയിലിൽ എത്തി പൊലീസ് സംഘം സ്വപ്നയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മഹാരാഷ്ട്രയിലെ ഡോ.ബാബാ സാഹിബ് അബേദ്കർ സാങ്കേതിക സർവകലാശാലയിൽ നിന്നും ബി.കോമിൽ ബിരുദം നേടിയെന്ന സർട്ടിഫിക്കറ്റായിരുന്നു നൽകിയിരുന്നത്.എന്നാൽ, സർവകലാശാല ബി.കോം കോഴ്‌സ് നടത്തുന്നിലെന്നും സ്വപ്ന പ്രഭ സുരേഷ് എന്ന വിദ്യാർത്ഥിനി സർവകലാശാലയിൽ പഠിച്ചിട്ടില്ലെന്നും സർവകലാശാല രജിസ്ട്രാർ രേഖാമൂലം അറിയിപ്പ് നൽകിയിരുന്നു. ഇതോടെയാണ് സ്വപ്നയെ വ്യാജ സർട്ടിഫിക്കറ്റിൽ പ്രതി ചേർത്തതും ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയതും. സ്വപ്നയെ കസ്റ്റഡിയിലെടുക്കാൻ ഉടൻ പൊലീസ് കോടതിയിൽ അപേക്ഷ നൽകും.